Wednesday, May 15, 2024
spot_img

സര്‍ദാര്‍ വല്ലഭായ് പട്ടേൽ ”എതിരാളികൾ പോലും ആരാധിച്ചിരുന്ന വ്യക്തിത്വം”; പട്ടേൽ സ്മരണയിൽ രാജ്യം

ഇന്ന് ഡിസംബർ 15 . സർദാർ വല്ലഭായി പട്ടേലിന്റെ (Vallabhbhai Patel) എഴുപത്തിയൊന്നാം ചരമവാർഷികം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേൽ. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍. അതുല്യനായ സംഘാടകൻ , കരുത്തനായ ഭരണകർത്താവ് , സത്യസന്ധനായ പൊതു പ്രവർത്തകൻ. സർദാർ വല്ലഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്.

അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി സ്വാതന്ത്ര്യ സമരാഗ്നിയിലേക്ക് എടുത്തു ചാടിയ വല്ലഭ് ഭായി ഝാവേർ ഭായ് പട്ടേൽ, സർദാർ പട്ടേലെന്ന ഉരുക്കുമനുഷ്യനായത് നിശ്ചയ ദാർഢ്യവും സംഘാടക ശക്തിയും ദേശീയബോധവും സമന്വയിപ്പിച്ച പ്രവർത്തനം കൊണ്ടായിരുന്നു. 1875 ഒക്ടോബർ 31 ന് ഗുജറാത്തിലെ കർഷക കുടുംബത്തിൽ ജനനം. കാർഷിക വൃത്തികളിൽ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേൽ നിയമബിരുദ ധാരിയായി. ഇതിനിടയിൽ വിവാഹം കഴിച്ചു. മണി ബെൻ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികൾ ഉണ്ടായി. ഭാര്യ ഝാവേർബ 1909 ൽ കാൻസർ ബാധിച്ച് മരിച്ചു.

പൊതു പ്രവർത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരിൽ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്. കർഷകർക്കും കൂലിപ്പണിക്കാർക്കും വേണ്ടി പ്രക്ഷോഭം നയിച്ച് പ്ലേഗ് എന്ന മഹാമാരിയെ തുരത്താൻ അശ്രാന്തം പരിശ്രമിച്ച് പട്ടേൽ ജനനായകനായി ഉയർന്നു. ഗ്രാമങ്ങൾ തോറും നടന്ന് നിയമലംഘന പ്രസ്ഥാനത്തിന്റെ അലയൊലികൾ ജനങ്ങളിലെത്തിക്കാൻ പട്ടേലിനു കഴിഞ്ഞു.

1920 ൽ ഗുജറാത്തിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പതാകവാഹകനായി ഗുജറാത്തിലെമ്പാടുമെത്തിയ പട്ടേൽ മൂന്ന് ലക്ഷം മെംബർമാരെയും പാർട്ടി പ്രവർത്തനത്തിനായി നിസ്സാരമല്ലാത്ത സാമ്പത്തികവും നേടിയെടുത്തു. അഹമ്മദാബാദിൽ നടന്ന വിദേശി വസ്ത്ര ബഹിഷ്കരണത്തിൽ പങ്കെടുത്ത് പൂർണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗര സഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു .

നികുതി വർദ്ധനവിനെതിരെ സംഘടിപ്പിച്ച ബർദോളി സത്യാഗഘം പട്ടേലിനെ ജനങ്ങളുടെ സർദാറാക്കി
1931 ലെ കറാച്ചി സമ്മേളനത്തിൽ സർദാർ വല്ലഭായി പട്ടേൽ കോൺഗ്രസിന്റെ പ്രസിഡന്റായി .വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടർന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി . സഹോദരൻ വിത്തൽ ഭായി പട്ടേലിന്റെ ശവസംസ്കാരത്തിന് പരോൾ അനുവദിച്ചെങ്കിലും സർദാർ അത് നിരസിച്ചു . സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ നിശിതമായി പട്ടേൽ എതിർത്തിരുന്നു . അക്രമ രഹിത സമരമെന്ന ഗാന്ധിയൻ സിദ്ധാന്തത്തിൽ വ്യതിചലിക്കാനുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം എതിർത്തു . സുഭാഷ് ചന്ദ്ര ബോസിന്റെ രാജിക്ക് വരെ കാരണമായത് പട്ടേലിന്റെ കർക്കശ നിലപാടുകളായിരുന്നു

1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് തന്റെ സമർത്ഥമായ സംഘാടക ശേഷി കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സർദാറിനു കഴിഞ്ഞു . മുംബൈയിലെ ഗൊവാലിയ ടാങ്കിൽ ഒരു ലക്ഷം പേരെ സാക്ഷി നിർത്തി ആഗസ്റ്റ് 7 ന് നടത്തിയ ഐതിഹാസികമായ പ്രസംഗം ഇന്ത്യയെങ്ങുമുള്ള ദേശാഭിമാനികൾക്ക് പ്രചോദനമായി . ഗ്രാമ ഗ്രാമന്തരങ്ങളിലും വയലേലകളിലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജന സഹസ്രങ്ങൾ ഉണർന്നെണീറ്റ് പ്രവർത്തിച്ചു . 1942 മുതൽ 1945 വരെ പട്ടേൽ ജയിലിലടയ്‌ക്കപ്പെട്ടു. ഗാന്ധിജിയുടെ നിർദ്ദേശമനുസരിച്ച് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് സർദാർ പിൻവാങ്ങി .

ഭാരതം സ്വതന്ത്രമായപ്പോൾ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി സർദാർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടു . വിഭജനാന്തരം നടന്ന കൂട്ടക്കൊലകളെ ഒരു പരിധി വരെ തടയാൻ അദ്ദേഹത്തിനു കഴിഞ്ഞു . കർക്കശമായ നിലപാടുകളും അതിർത്തിക്കപ്പുറത്ത് നിന്നുള്ള വാർത്തകളുടെ പൂഴ്‌ത്തിവയ്പും കൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . നിസ്സഹായരായ കുട്ടികളേയും സ്ത്രീകളേയും കൊല്ലുന്നത് ഭീരുത്വമാണെന്ന് പ്രഖ്യാപിച്ച സർദാർ പട്ടേൽ ജാലിയൻ വാലാ ബാഗിൽ കൂടിക്കലർന്നൊഴുകിയ ഹിന്ദുവിന്റെയും മുസൽമാന്റെയും രക്തഗാഥകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു .

ഗാന്ധിജിയുടെ നിരാഹാരവും പട്ടേലിന്റെ നിശ്ചയ ദാർഢ്യവും മൗണ്ട് ബാറ്റന്റെ ഭരണ സാമർത്ഥ്യവുമാണ് നിരവധി ജീവനുകൾ രക്ഷിച്ചത് നാട്ടുരാജ്യങ്ങളുടെ സംയോജനമായിരുന്നു പട്ടേലിനെ സ്വാതന്ത്ര്യാനന്തരം കാത്തിരുന്നത്. വി പി മേനോന്റെ സഹായത്തോടെ പ്രലോഭിപ്പിച്ചും , വാഗ്ദാനങ്ങൾ നൽകിയും നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . സൈന്യത്തെ ഉപയോഗിക്കേണ്ടിടത്ത് മടി കൂടാതെ അതുപയോഗിച്ചു . രാജാക്കന്മാരുടെ ഇടയിൽ ദേശസ്നേഹത്തിന്റെ ചൈതന്യം നിറയ്‌ക്കാൻ കഴിഞ്ഞത് മറ്റൊരനുഗ്രഹമായി . ജുനഗഡിനെയും കാശ്മീരിനെയും ഹൈദരാബാദിനേയും ഉരുക്കുമുഷ്ടി കൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേർത്തു .

ഇന്നു കാണുന്ന ഇന്ത്യ യാഥാർത്ഥ്യമാക്കിയതിൽ പട്ടേലിന്റെ പങ്ക് നിസ്തുലമാണ് .ഇന്ത്യൻ പോലീസ് , ഭരണ സർവീസുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ പട്ടേലിന്റെ പ്രയത്നമുണ്ട് . അമൂൽ ഉണ്ടായതിനു പിന്നിലും പട്ടേലിന്റെ ദീർഘവീക്ഷണമുണ്ട് . ഇസ്ലാമിക അധിനിവേശത്തിൽ തകർന്ന സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയതും അദ്ദേഹം മുൻ കൈ എടുത്താണ് . 1947 ൽ പാകിസ്ഥാന്റെ കശ്മീർ ആക്രമണത്തിലാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സ്വതസിദ്ധമായ ചാതുര്യവും ശക്തിയും പ്രകടിപ്പിച്ചത്. ഐക്യരാഷ്‌ട്ര സഭയിൽ കാശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെ പട്ടേൽ നിശിതമായി എതിർത്തെങ്കിലും ഫലമുണ്ടായില്ല . പാകിസ്ഥാന് 55 കോടി നൽകാനുള്ള തീരുമാനവും പട്ടേൽ എതിർത്തു . ഇന്ത്യക്കെതിരെ യുദ്ധത്തിന് ആ തുക ഉപയോഗിക്കുമെന്നായിരുന്നു പട്ടേലിന്റെ അഭിപ്രായം .

ഗാന്ധിജിയോട് ഏറ്റവുമടുപ്പം പുലർത്തിയിരുന്ന പട്ടേലിന് അദ്ദേഹത്തിന്റെ മരണം താങ്ങാനാവാത്തതായിരുന്നു . ഒരു പക്ഷേ രണ്ടു വർഷത്തിനു ശേഷം അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതും ഈ ആഘാതമായിരുന്നു . 1950 ഡിസംബർ 15 ന് ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ ലോകത്തോട് വിടവാങ്ങി . സാധാരണക്കാരനായി ജീവിച്ച സാധാരണക്കാരുടെ നേതാവ് മരണത്തിലും തന്റെ ലാളിത്യം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയുടെയും സഹോദരന്റെയും അന്ത്യ വിശ്രമ സ്ഥലത്ത് ഒരു സാധാരണക്കാരനെ പോലെ സംസ്കാരം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം.

Related Articles

Latest Articles