Wednesday, May 29, 2024
spot_img

ഭാരതത്തിന്റെ പൈതൃകത്തിൽ പൊൻതൂവൽ ചാർത്തി ‘ധോലാവീര’

ഭാരതത്തിന്റെ പൈതൃകത്തിൽ ഒരു പൊൻതൂവൽക്കൂടി. ഗുജറാത്തിൽ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാരകേന്ദ്രമായ ധൊലാവീരയെ യുനെസ്കോ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുക്കയാണ്. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്.

ചൈനയിലെ ഫുഷോയിൽ നടന്ന യുനെസ്കോ ലോക പൈതൃകസമിതി യോഗത്തിലാണ് ധൊലാവീരയ്ക്ക് പൈതൃകപദവി നൽകാൻ തീരുമാനമായത്. തെലങ്കാനയിലെ രാമപ്പ ക്ഷേത്രം അഥവാ കാകതീയ രുദ്രേശ്വര ക്ഷേത്രത്തിനും ഈ പൈതൃകപദവി പട്ടികയിൽ ഇടം ലഭിച്ചിരുന്നു. ഇതോടെ ലോക പൈതൃകപട്ടികയിൽ സൂപ്പർ 40 ക്ലബിലേക്ക് ഭാരതവും എത്തിച്ചേർന്നിരിക്കുകയാണ്. ഇറ്റലി, സ്പെയിൻ, ചൈന, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ കൂട്ടത്തിൽ ഇപ്പോഴുള്ളത്. 2014 ശേഷം രാജ്യത്തുനിന്നും 10 പൈതൃക സ്ഥാപനങ്ങൾ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്’ എന്നാണ് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്. ബി.സി. മൂന്നാം നൂറ്റാണ്ടിനും രണ്ടാം നൂറ്റാണ്ടിനുമിടയിൽ തെക്കൻ ഏഷ്യയിൽ നിലനിന്നിരുന്ന സവിശേഷവും പരിരക്ഷിക്കപ്പെട്ടതുമായ പുരാതനനഗരമാണ് ധോലാവിരയെന്ന് യുനെസ്കോ വ്യക്തമാക്കിയത്

ബി.സി. 3000-1500 കാലത്തിനിടയിൽ തുടർച്ചയായി നിലകൊണ്ട ഹാരപ്പൻ നാഗരികതയാണ് ധൊലാവീര. നഗരാസൂത്രണം, നിർമാണരീതികൾ, ജലവിഭവം, വാണിജ്യം, കല എന്നീ മേഖലകളിലൊക്കെ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കിയ നാഗരികതയാണിതെന്ന് പുരാവസ്തു ഗവേഷണത്തിൽ തെളിഞ്ഞു. 120 ഏക്കറോളം സ്ഥലത്തെ പുരാവസ്തുക്കളാണ് 1967 മുതലുള്ള ഉത്ഖനനങ്ങളിൽ കണ്ടെത്തിയത്.

ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പാർപ്പിടങ്ങൾ, പൊതുജനങ്ങളുടെ വാസസ്ഥലങ്ങൾ, ചെമ്പ് നിർമാണ കേന്ദ്രം, മുത്തുനിർമാണ ശാല, മൺപാത്രങ്ങൾ, മുദ്രകൾ വിശേഷപ്പെട്ട കല്ലുകളുപയോഗിച്ചുള്ള ആഭരണങ്ങൾ, സ്വർണം, ആനക്കൊമ്പ് തുടങ്ങിയവയൊക്കെ കണ്ടെത്തിയവയിൽ പെടുന്നു. തനത് രീതിയിൽ കണ്ടെത്തിയ തെക്കൻ ഏഷ്യയിലെ ചുരുക്കം പുരാതന നാഗരികതകളിലൊന്നുമാണ്. അഹമ്മദാബാദിൽനിന്ന് 380 കിലോമീറ്റർ അകലെ കച്ച് ജില്ലയിലാണ് ധൊലാവീര. നിലവിൽ ഗുജറാത്തിലെ പാവഡഢിലെ ചമ്പനേർ സ്മാരകങ്ങൾ, പാട്ടണിലെ റാണി കി വാവ്, അഹമ്മദാബാദ് പഴയ നഗരം എന്നിവയും യുനെസ്കോയുടെ പൈതൃക പട്ടികയിലുണ്ട്.

1968-ലാണ് ധോലാവിര കണ്ടെത്തുന്നത്. ജലവിതരണ സംവിധാനം, വിവിധ തലങ്ങളായുള്ള സുരക്ഷാ സംവിധാനം, കല്ലറകളുടെയുൾപ്പടെ നിർമാണപ്രവർത്തനങ്ങൾക്കുള്ള കല്ലുകളുടെ വിശാലമായ ഉപയോഗം എന്നിവയിലെല്ലാം ഈ അതിപുരാതന നഗരം വ്യത്യസ്ത പുലർത്തുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles