Saturday, May 18, 2024
spot_img

“സംസ്ഥാനത്തെ നിരവധി ബാങ്കുകളില്‍ ക്രമക്കേട് ! നടന്നത് 5000 കോടിയുടെ കുംഭകോണം !കട്ടവരോട് ഇത്രയധികം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരം ! ” സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെ ഗുരുതരാരോപണങ്ങളുമായി ബിജെപി നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്

കോഴിക്കോട് ∙ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെ ഗുരുതരാരോപണങ്ങളുമായി ബിജെപി നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് രംഗത്ത് വന്നു. സംസ്ഥാനത്തെ നിരവധി ബാങ്കുകളില്‍ ക്രമക്കേടുണ്ടെന്നും നടന്നത് 5000 കോടിയുടെ കുംഭകോണമാണെന്ന് ആരോപിച്ച അദ്ദേഹം കട്ടവരോട് ഇത്രയധികം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണെന്നും മടിയിൽ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണെന്നും തുറന്നടിച്ചു .

‘‘മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാൽ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു. അതിൽ അന്വേഷണം നടക്കുന്നില്ല. ഒരു വർഷം മുൻപ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളിൽ തട്ടിപ്പു നടന്നതായാണ് ഞങ്ങൾ കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോൾ, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്. മുഖ്യമന്ത്രിയും ഇക്കാര്യം അറിയേണ്ടതല്ലേ.

5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയിൽ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തിൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആർക്കെങ്കിലുമെതിരെ തെളിവു നൽകുന്നുണ്ടെങ്കിൽ അതു നശിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരിക്കുന്നു. പാർട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാൽ, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്.

ഇതിനെതിരെ ഞങ്ങൾ സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തും. തട്ടിപ്പും കുംഭകോണവും നടന്ന ബാങ്കുകളിലെ സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചുകൊണ്ടാണ് അദാലത്ത് നടത്തുക. അവർക്ക് ആവശ്യമായ എല്ലാ സഹായവും സൗജന്യമായി ബിജെപി നൽകും. ഇതു പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രക്ഷോഭത്തിന്റെ ആദ്യ പടിയെന്ന നിലയിൽ നമ്മുടെ പ്രിയപ്പെട്ട നടൻ കൂടിയായ സുരേഷ് ഗോപി, ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്ക് ഒരു യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സ്വാഭാവികമായും കേരളത്തിന്റെ മുഴുവൻ ശ്രദ്ധ ഈ യാത്രയ്ക്കുണ്ടാകും. അതിനുശേഷം ബിജെപിയും എൻഡിഎയും മാർക്സിസ്റ്റ് പാർട്ടിയുടെ തനിനിറം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുന്നതിനു സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേരളത്തിലാകെ 5,000 കോടി രൂപയുടെ മെഗാ സഹകരണ കുംഭകോണമാണ് നടന്നത്. കരുവന്നൂരിൽ 300 കോടിയെന്നത് 400 കോടിയിലേക്ക് ഉയർന്നാൽ അദ്ഭുതപ്പെടാനില്ല.’

കേരളത്തിൽ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് മൗനവ്രതത്തിലാണോ എന്നു സംശയിക്കുകയാണ്. പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികൾ എന്ന നിലയിൽ മുഖ്യമന്ത്രിയും സർക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാൻ കോൺഗ്രസ് നേത‍ൃത്വം നൽകുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും. ഈ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ ഒരു പ്രക്ഷോഭം പ്രതീക്ഷിക്കാനാവില്ല.

സിപിഎമ്മും സർക്കാരും കട്ടവർക്കൊപ്പമാണെന്ന് ഇതിനകം ബോധ്യമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഞങ്ങൾ ഇരകൾക്കൊപ്പം നിന്നുകൊണ്ട് പോരാട്ടം നടത്തുകയാണ്. ഈ പോരാട്ടത്തിനു കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സഹായവും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നടക്കുന്ന ഇഡി അന്വേഷണം മറ്റു സഹകരണ ബാങ്കുകളിലേക്കും വ്യാപിക്കാൻ പോവുകയാണ്. ഇത് സിപിഎമ്മും സർക്കാരും മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് അന്വേഷണം കരുവന്നൂരിൽ ഒതുക്കിനിർത്താനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ബാക്കി ഒരു ബാങ്കിലേക്കും ഇഡി പോകാൻ പാടില്ല. അതിനാണ് ഈ പ്രതിഷേധവും പ്രതിരോധവും പ്രക്ഷോഭവുമെല്ലാം സംഘടിപ്പിക്കുന്നത്’’ – കൃഷ്ണദാസ് പറഞ്ഞു.

Related Articles

Latest Articles