Saturday, May 18, 2024
spot_img

മന്ത്രി ജി. ആർ. അനിലിന്റെ മണ്ഡലത്തിൽ ദുരിത ജീവിതം നയിച്ച് നാൽപ്പതോളം പട്ടികജാതി കുടുംബങ്ങൾ! കോളനി സന്ദർശിച്ച് കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ; നിരവധി കുടുംബങ്ങൾ ബിജെപിയിൽ അംഗത്വമെടുത്തു

തിരുവനന്തപുരം : മന്ത്രി ജി. ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് വെമ്പായത്ത് നാലുസെന്റ് പട്ടികജാതി കോളനിയിൽ ദുരിത ജീവിതം നയിക്കുന്ന നാൽപ്പതോളം കുടുംബങ്ങളെ ചേർത്ത് നിർത്തി, അവരുടെ ദുരിത ജീവിതം പുറം ലോകത്തെ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

ഇന്ന് രാവിലെ മുതൽ കോളനി സന്ദർശിച്ച് കോളനി നിവാസികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം. ടാർപോളിൻ കൊണ്ട് മൂടിയ മേൽക്കൂരകളാണ് മിക്കവീടുകൾക്കും. കുടിവെള്ളമോ ശൗചാലയങ്ങളോ നടക്കാൻ നടവഴി പോലുമില്ലാതെ നരക സമാന അവസ്ഥയിൽ ജീവിതം തള്ളി നീക്കുകയായിരുന്നു ഈ പാവങ്ങൾ.

ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ പാവങ്ങൾക്ക് കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരൻ ഇടപെട്ടാണ് ഓണക്കാലത്ത് കുടിവെള്ളവും ഭക്ഷണക്കിറ്റുകളും എത്തിച്ചുകൊടുത്തത്. സമൂഹ മാദ്ധ്യമത്തിൽ പങ്കു വച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കോളനിയുടെ ദുരിതാവസ്ഥ പുറം ലോകത്തെ അറിയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നാടുകാണാനിറങ്ങുമ്പോൾ ഈ പാവങ്ങളുടെ അടുത്തൊക്ക ഒന്നു വരണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.

ഒട്ടേറെ കുടുംബങ്ങൾ ഇവിടെ ബിജെപിയിൽ ചേർന്നുവെന്ന കാര്യവും അദ്ദേഹം അറിയിച്ചു. ആരും സഹായിച്ചില്ലെങ്കിലും ഇനി ബിജെപി പ്രവർത്തകർ കൂടെയുണ്ടല്ലോ എന്ന ഉറപ്പിലാണ് ഈ പട്ടികജാതി കുടുംബങ്ങൾ.

കെ സുരേന്ദ്രൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

മന്ത്രി ജി. ആർ. അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് വെമ്പായത്ത് നാലുസെന്റ് പട്ടികജാതി കോളനിയിലായിരുന്നു ഇന്ന് കാലത്ത് മുതൽ. നാൽപ്പതോളം കുടുംബങ്ങൾ ജീവിക്കുന്ന കൂരകളാണിത്. ടാർപോളിനാണ് മേൽക്കൂരകൾ മിക്കവീടുകൾക്കും. കുടിവെള്ളമില്ല ശൗചാലയങ്ങളില്ല. നടക്കാൻ നടവഴി പോലുമില്ല. മഴ മുഴുവൻ വീടിനകത്ത്. പഞ്ചായത്ത് മെംബർ കോൺഗ്രസ്സ് നേതാവ്. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ പാവങ്ങൾക്ക് കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരൻ ഇടപെട്ടാണ് ഓണക്കാലത്ത് കുടിവെള്ളവും ഭക്ഷണക്കിറ്റുകളും എത്തിച്ചുകൊടുത്തത്. കെ. എസ്. ആർ. ടി. സി ബസ്സും പിടിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നാടുകാണാനിറങ്ങുന്നെന്ന് കേട്ടു. ഈ പാവങ്ങളുടെ അടുത്തൊക്ക ഒന്നു വരണം ഈ മന്ത്രിപ്പട. ബിസിനസ്സുകാരോടൊപ്പവും പൗരപ്രധാനികളോടൊപ്പവും പ്രാതൽ കഴിക്കുമെന്നൊക്കെ സർക്കുലറിൽ കണ്ടു. നേട്ടങ്ങൾ വിശദീകരിക്കാനുള്ള ഓട്ടത്തിനിടയിൽ ഈ പാവങ്ങളെയൊക്കെ ഒന്ന് കാണണം ശ്രീ. പിണറായി വിജയൻ. ഇന്ന് ഒട്ടേറെ കുടുംബങ്ങൾ ഇവിടെ ബിജെപിയിൽ ചേർന്നു. ആരും സഹായിച്ചില്ലെങ്കിലും ഇനി ബിജെപി പ്രവർത്തകർ കൂടെയുണ്ടല്ലോ എന്ന ഉറപ്പിലാണ് ഈ പട്ടികജാതി കുടുംബങ്ങൾ….

Related Articles

Latest Articles