Sunday, May 12, 2024
spot_img

കേരളത്തിൽ ഐഎസ് പ്രവർത്തനം; സഹീർ തുർക്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: ഐസിസ് ഭീകരൻ സഹീർ തുർക്കിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ എൻ ഐ എ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മണ്ണാർക്കാട് സ്വദേശിയായ ഐസിസ് ഭീകരൻ അലനല്ലൂർ കാട്ടുകുളം ഇരട്ടപ്പുലാക്കൽ വീട്ടിൽ സഹീർ തുർക്കിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.

തൃശ്ശൂരിലെ ഐസിസ് കേസിൽ പിടിയിലായ മുല്ലശ്ശേരി പാടൂർ അയിത്താണ്ടിയിൽ വീട്ടിൽ സയ്യിദ് നബീൽ അഹമ്മദിന്റെ കൂട്ടാളിയാണ് ഇയാൾ. നബീൽ അഹമ്മദിന് വ്യാജ സിം കാർഡും പണവും നൽകി ഒളിവിൽ പോകാൻ സഹായിച്ചത് സഹീറാണ്. നബീലിനെ പത്തുദിവസം ഒളിവിൽ താമസിപ്പിച്ച അവനൂരിലെ ലോഡ്‌ജിൽ നിന്ന് രേഖകളും കണ്ടെടുത്തിരുന്നു. നബീലിൽ നിന്നാണ് സഹീറിന്റെ വിവരം ലഭിച്ചത്.

താലിബാൻ മാതൃകയിൽ സംസ്ഥാനത്തും ഐസിസ് ഗ്രൂപ്പ് രൂപീകരിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചിരുന്നു. പെറ്റ് ലവേഴ്‌സ് എന്ന പേരിൽ ടെലിഗ്രാം സൃഷ്ടിച്ച സംഘം സംഘടനയ്ക്ക് ഫണ്ട് സ്വരൂപിക്കാനായി പാലക്കാട്ട് എ.ടി.എം കൗണ്ടർ തകർത്ത് 30 ലക്ഷം കൊള്ളയടിച്ചാണ് തുടക്കം. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങളും സഹകരണ ബാങ്ക് ഉൾപ്പെടെ വൻകിട ബാങ്കുകളും സ്ഥാപനങ്ങളും കൊള്ളയടിക്കാനും ഒരു ക്രിസ്ത്യൻ മതപുരോഹിതനെ വധിക്കാനും പദ്ധതികൾ തയ്യാറാക്കിയതിന്റെ വിവരങ്ങളും ഫോൺ പരിശോധനയിൽ ലഭിച്ചിരുന്നു. ചില ആർ.എസ്.എസ് നേതാക്കളെയും ലക്ഷ്യമിട്ടിരുന്നു.

ഖത്തറിൽ ജോലി ചെയ്തിരുന്ന നബീൽ, സുഹൃത്ത് മുല്ലശ്ശേരി സ്വദേശി ആഷിഫ് തുടങ്ങി ഖത്തറിലെ അഫ്ഗാൻ, സിറിയൻ സുഹൃത്തുക്കൾ വഴിയാണ് ഐസിസ് ഭീകരരുമായി അടുപ്പം സ്ഥാപിച്ചത്. നാട്ടിൽ മടങ്ങിയെത്തിയ നബീൽ അഹമ്മദാണ് നേതൃത്വം നൽകിയത്. യുവാക്കളെ ആകർഷിക്കുകയും ആയുധപരിശീലനം നൽകുകയും ചെയ്തതിന്റെ തെളിവുകളും നബീലിന്റെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു.

Related Articles

Latest Articles