Monday, May 20, 2024
spot_img

ഐഎസ് ഭീകരക്കേസ്; മൂന്നാം പ്രതിയായ തൃശ്ശൂർ സ്വദേശി ഷിയാസ് സിദ്ദിഖ് അറസ്റ്റിൽ; രണ്ടാം പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു; 30 ലധികം പേർ എൻ ഐ എ നിരീക്ഷണത്തിൽ

കൊച്ചി: കേരളത്തിലെ ഐഎസ് ഭീകരകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതി തൃശ്ശൂർ കാട്ടൂർ സ്വദേശി ഷിയാസ് സിദ്ദിഖാണ് അറസ്റ്റിലായത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരുമാസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

രഹസ്യ നീക്കത്തിലൂടെയാണ് ഇയാളെ എൻഐഎ സംഘം പിടികൂടിയത്. കേസിലെ രണ്ടാം പ്രതി നബീലിനായുളള തിരച്ചിൽ തുടരുകയാണ്. സത്യമംഗലം വനമേഖലയിൽ നിന്നായിരുന്നു കേസിലെ ഒന്നാം പ്രതി ആഷിഫിനെ പിടികൂടിയത്. ഇതിൽ ആഷിഫ് ഭീകരവാദത്തിന്റെ ഫണ്ട് ശേഖരണത്തിനായി കൊള്ളകൾ ആസൂത്രണം ചെയ്തപ്പോൾ ഭീകരവാദ റിക്രൂട്ട്‌മെന്റുകൾ നടത്തിയ ഭീകരവാദ സംഘത്തിലൊരാളായിരുന്നു നബീൽ. നബീലിന്റെയും, ആഷിഫിന്റെയും അടുത്ത കൂട്ടാളിയാണ് ഷിയാസ് സിദ്ദിഖ്. സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുകയും, രഹസ്യസമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴി ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തവരാണ് നിരീക്ഷണത്തിലുള്ളവർ.

കേസിൽ 30 ലധികം പേർ എൻ ഐ എ നിരീക്ഷണത്തിലാണ്.ഒന്നാം പ്രതി ആഷിഫ് പിടിയിലായതിന് പിന്നാലെ ഒളിവിൽ പോയവരെ കുറിച്ചുള്ള വിവരങ്ങൾ എൻ ഐ എ യ്‌ക്ക് ലഭിച്ചിരുന്നു. പ്രതികളുമായി അടുത്ത ബന്ധമുള്ള നിരവധി പേരെ കൊച്ചി എൻ ഐ എ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നുമുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.

Related Articles

Latest Articles