Tuesday, December 23, 2025

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് ഇതിന്റെ പിന്നിലുള്ളതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിത്തരാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായി ബാറുടമകളുടെ കയ്യില്‍ നിന്നും പണം പിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വളരെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിട്ടുള്ളത്. പണം നല്‍കാതെ ആരും സഹായിക്കില്ലെന്ന് ശബ്ദസന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

അബ്കാരി നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം നിയമസഭാ സമിതിയില്‍ വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തതാണ്. ഒന്നാംതീയതി അടക്കം മദ്യശാലകളും ബാറുകളും തുറക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ശമ്പളം കിട്ടുന്ന ദിവസമായ ഒന്നാം തീയതി കിട്ടുന്ന പണമെല്ലാം ബാറുകളില്‍ കൊണ്ടുപോയി കൊടുക്കാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം, മാസത്തിലെ ഒന്നാം തീയതി ഡ്രൈഡേ ആക്കാന്‍ തീരുമാനിച്ചത്.

പുതിയ നീക്കം ആളുകളുടെ ശമ്പള ദിവസത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ബാറുകളുടെ സമയം നീട്ടുന്നത് അടക്കം നിരവധി കാര്യങ്ങളാണ് ചെയ്തുകൊടുക്കാമെന്ന് പറഞ്ഞിട്ടുള്ളത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളുകള്‍ പറയാതെ, അവര്‍ ആവശ്യപ്പെടാതെ ബാറുടമകള്‍ പണപ്പിരിവ് നടത്തില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു. പണ്ട് കെഎം മാണിക്കെതിരെ ഒരു കോടി രൂപയുടെ ബാര്‍ കോഴയാണ് എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്. ഇന്നിപ്പോള്‍ അത് 20 കോടി രൂപയാണ്.ഇനി നോട്ടെണ്ണല്‍ യന്ത്രം എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ കയ്യിലാണോ, അതല്ല മുഖ്യമന്ത്രിയുടെ കയ്യിലാണോ, അതുമല്ലെങ്കില്‍ എകെജി സെന്ററിലാണോ എന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.

Related Articles

Latest Articles