Sunday, June 2, 2024
spot_img

പരിക്കിന്റെ പിടിയിൽ ടീം ഇന്ത്യ; ജഡേജ, ബുംറ, വിഹാരി പുറത്ത്; നാലാം ടെസ്റ്റില്‍ ആരെ കളിപ്പിക്കും?; സാധ്യതകള്‍ ഇങ്ങനെ

നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വീണ്ടും തിരിച്ചടി. ഒന്നിനു പിറകെ ഒന്നായി ഇന്ത്യന്‍ താരങ്ങളെ പരിക്ക് പിടികൂടുകയാണ്. പേസര്‍ ജസ്പ്രിത് ഭുംറയ്ക്ക് പുറമെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് സമനില സമ്മാനിച്ച ഹനുമ വിഹാരി കൂടി ബ്രിസ്ബേന്‍ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. ഇതോടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ പല മാറ്റങ്ങളും വരുത്തേണ്ടി വരും.

ഒന്നാം ഇന്നിങ്​സിൽ ബാറ്റിങ്ങിനിടെയാണ്​ ജഡേജയ്ക്ക് പരിക്കേറ്റത്​​. തുടർന്ന്​ രണ്ടാം ഇന്നിങ്​സിൽ താരം ബാറ്റിങ്ങിന്​​ ഇറങ്ങിയിരുന്നില്ല. കൈവിരലിന് പരിക്കേറ്റതാണ് ജഡേജയ്ക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരങ്ങളുടെ ലിസ്റ്റ് വളരെ വലുതാണ്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്കാണ് കൈത്തണ്ടയില്‍ പരിക്കേറ്റത്. രണ്ടാം ടെസ്റ്റില്‍ മറ്റൊരു പേസര്‍ ഉമേഷ് യാദവിനും പരിക്കേറ്റു.

നേരത്തെ കെ.എൽ. രാഹുൽ പരിക്കേറ്റ്​ ടീമിൽനിന്ന്​ പുറത്തായിരുന്നു. രാഹുലിനു പിന്നാലെയാണ് ബുംറ, ജഡേജ, വിഹാരി എന്നിവരും പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ജനുവരി 15നാണ്​ ബ്രിസ്ബേനിൽ അവസാന ടെസ്റ്റ്​ ആരംഭിക്കുക. ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഇരുടീമുകള്‍ക്കും ഏറെ നിർണായകമാണ്​.

മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷാ നാലാം ടെസ്റ്റിൽ കളിച്ചേക്കും. കൂടാതെ നവദീപ് സൈനി, ഷാർദുൽ താക്കൂർ, ടി. നടരാജൻ എന്നിവരും ടീമിൽ ഉണ്ടാകുമെന്ന്​ റിപ്പോർട്ടുകളുണ്ട്. ചെറിയ പരിക്കുള്ള മായങ്ക് അഗര്‍വാളിന് നാലാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല.

Related Articles

Latest Articles