Tuesday, May 14, 2024
spot_img

മോദിയുടെ US സന്ദർശനം തടയാനും ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താനും പുതിയ വെബ്‌സൈറ്റ് നിർമിച്ച് ഐഎസ്‌ഐ !

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഇന്ന് ആരംഭിക്കാനിരിക്കെ ഏത് വിധേനയും സന്ദർശനത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ശ്രമവുമായി പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ രംഗത്ത്. സന്ദർശനം തടയാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും പരാജിതരായതോടെയാണ് നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ വിദ്വേഷപ്രചാരണങ്ങൾ കൊണ്ട് കളങ്കപ്പെടുത്താൻ ഐഎസ്‌ഐ ഇപ്പോൾ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രക്കെതിരെ ട്വിറ്റർ ട്രെൻഡ് ഹാഷ്ടാഗുകളും പ്രതിഷേധറാലികളും പോസ്റ്ററുകളും ഐഎസ്‌ഐ ആസൂത്രണം ചെയ്തുകഴിഞ്ഞുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ കാര്യമായ ഗൂഢാലോചന നടത്തുക എന്ന ഉദ്ദേശത്തോടെ അമേരിക്കയിൽ പ്രവർത്തിക്കുന്ന നിരവധി ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായും ഇന്ത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകളുമായും ഐഎസ്ഐ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

കൂടാതെ ഇന്ത്യയ്ക്കെതിരെ ഗൂഢാലോചന നടത്താൻ നിരവധി സംഘടനകൾക്ക് ഐഎസ്ഐ സാമ്പത്തിക സഹായം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ അമേരിക്ക നടത്തിയതിൽ പാകിസ്താൻ ആശങ്കാകുലരാണ്. ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള അംഗീകാരത്തിലും പ്രശസ്തിയിലും പാക്കിസ്ഥാന് ആശങ്കയുണ്ട്. ഇന്ത്യയ്ക്കെതിരെ എങ്ങനെ പ്രതിഷേധിക്കണം എന്നതിനെക്കുറിച്ചുള്ള തന്ത്രങ്ങളും പദ്ധതികളും വിവരിക്കുകയും ഈ പ്രതിഷേധങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ വ്യക്തമാക്കുകയും ചെയ്യുകയാണ് ഇപ്പോൾ ഐഎസ്‌ഐ ചെയ്യുന്നത്. കൂടാതെ, പ്രതിഷേധ സമയത്ത് ഉപയോഗിക്കേണ്ട പോസ്റ്ററുകൾ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചും ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയ്ക്കെതിരെ ആരോപിക്കപ്പെടുന്ന ഗൂഢാലോചന നടത്തുന്നതിന് ഒരു പ്രത്യേക വെബ്സൈറ്റ് ഐഎസ്‌ഐ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്കെതിരായ ആസൂത്രിത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ പങ്കാളിയാകാൻ ആളുകളോട് രജിസ്റ്റർ ചെയ്യാനാണ് ഇപ്പോൾ ഐഎസ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, മോദി പ്രഭാവം കാണുമ്പോൾ അസൂയ തോന്നുന്നത് സ്വാഭാവികമാണെന്നും കണ്ണീർ തുടച്ച് അദ്ദേഹത്തെ തടയാൻ ശ്രമിച്ച് നോക്ക്, പരാജയം തീർച്ചയെന്നുമാണ് ഐഎസ്‌ഐ പ്രചരണങ്ങളോട് സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ പലരും പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, വൈറ്റ് ഹൗസ് ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. ഇന്ന് യാത്ര തിരിക്കുന്ന പ്രധാനമന്ത്രിക്ക് ന്യൂയോർക്കിൽ വച്ച് അമേരിക്കയിലെ ഇന്ത്യൻ വംശജർ വൻ സ്വീകരണമൊരുക്കും. അമേരിക്കൻ കോൺഗ്രസിനെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. അന്താരാഷ്‌ട്ര യോ​ഗ ദിനമായ ജൂൺ 21-ന് ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം നൽകുന്നത്. ജൂൺ 22-നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചർച്ചകൾ നടക്കുക. പ്രതിരോധ സഹകരണം, നിർണായകമായ സാങ്കേതികവിദ്യകൾ എന്നിവ ചർച്ച ചെയ്യുന്ന ഉന്നതതല യോഗങ്ങളിൽ നരേന്ദ്രമോദി പങ്കെടുക്കും. ഇതിനെല്ലാം പുറമെ ഭാരതം കാത്തിരിക്കുന്ന ഒരു നിർണായക കരാറിൽ പ്രധാനമന്ത്രി ഒപ്പ് വയ്‌ക്കും എന്നുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അമേരിക്കൻ സന്ദർശനം പൂ‍ർത്തിയാക്കിയ ശേഷം ജൂൺ 23-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലേക്ക് യാത്ര തിരിക്കും. ഈജിപ്ത് സന്ദർശനത്തിന് ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങി എത്തുക.

Related Articles

Latest Articles