Sunday, May 19, 2024
spot_img

അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി സൂചന

ദില്ലി: അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ്‌സ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനെ തിരിച്ചറിഞ്ഞെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോ കണ്ട് അയിഷയെ തിരിച്ചറിഞ്ഞുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2016-ല്‍ ഐഎസില്‍ ചേരാനായി പലായനം ചെയ്ത 21 അംഗ സംഘത്തില്‍ അയിഷയുണ്ടായിരുന്നുവെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവശ്യയായ നാങ്ഗറിലാണ് 900 പേരടങ്ങുന്ന ഐഎസ് സംഘം കീഴടങ്ങിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവരില്‍ 10 പേര്‍ മലയാളികളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിന്ന് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

സോണി സെബാസ്റ്റ്യന്‍ എന്ന ആയിഷ തൃക്കരിപ്പൂര്‍ സ്വദേശി റാഷിദിന്റെ ഭാര്യ. റാഷിദാണ് കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ ചേര്‍ത്തത്. അയിഷയെ വിവാഹം ചെയ്ത ശേഷം കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി എത്തിയ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കുകയും ചെയ്തു. 2016 മെയ് 31-നാണ് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്ക് വിമാനം കയറിയത്.

രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു.

ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരിലെത്തി ഐഎസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് ഇവര്‍ പലരുടേയും ഫോട്ടോകള്‍ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുമില്ല.

Related Articles

Latest Articles