Saturday, January 10, 2026

കേരളത്തിൽ തീവ്രവാദ പ്രചാരണം; ഇരുപത് പ്രവാസി മലയാളി വ്യവസായികൾ എൻ ഐ എ നിരീക്ഷണത്തിൽ

ദില്ലി : കേരളത്തിൽ തീവ്രവാദ പ്രചാരണത്തിന് ധനസമാഹരണം നടത്തിയതായി കണ്ടെത്തിയ പ്രവാസികളായ ഇരുപത് മലയാളി വ്യവസായികൾ ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എ യുടെ നിരീക്ഷണത്തിൽ. ഇവർ പ്രധാനമായും സൗദി അറേബ്യ, കുവൈറ്റ്, യു എ ഇ, ഖത്തർ, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ വൻ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവരാണ്.

കേരളത്തിൽ തീവ്രവാദ ആശയങ്ങളുടെ പ്രചാരണത്തിനും വ്യാപനത്തിനുമായി ശതകോടിക്കണക്കിന് രൂപ ഇവർ ഒഴുക്കിയതായാണ് സൂചന. ഈ പണം പ്രധാനമായും റിയൽ എസ്റ്റേറ്റ് മേഖലയിലൂടെയാണ് കടത്തിയിരിക്കുന്നത്.

ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ ജി സി സി രാഷ്ട്രങ്ങൾക്ക് എൻ ഐ എ കൈമാറിയിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ഉടൻ ഇവരെ ഇന്ത്യക്ക് കൈമാറുമെന്നാണ് വിവരം. ഇന്ത്യയിലെത്തിച്ചാലുടൻ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുമെന്നും എൻ ഐ എ വൃത്തങ്ങൾ സൂചന നൽകി.

കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ എൻ ഐ എ ഭേദഗതി നിയമപ്രകാരം ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചിരിക്കുകയാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട് ധനസമാഹരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമഭേദഗതിയിലൂടെ എൻ ഐ എയ്ക്ക് ലഭിച്ചിരിക്കുന്നത്.

Related Articles

Latest Articles