ദില്ലി: മെഹ്‌റൗളിയിലെ ‘അഖൂന്ദ്ജി മസ്ജിദ്’ നിലനിന്നിരുന്ന ഭൂമിയിൽ റംസാൻ നിസ്ക്കാരം നടത്താൻ അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച് ദില്ലി ഹൈക്കോടതി. റംസാൻ, പെരുന്നാൾ നിസ്‌കാരങ്ങൾക്കായി വിശ്വാസികൾക്ക് പള്ളി നിന്ന ഭൂമിയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താസ്മിയ കമ്മിറ്റി മദ്രസ ബെഹ്‌റുൽ ഉലൂം നൽകിയ അപ്പീലിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് .
റംസാൻ നിസ്ക്കാരം മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് അനുവദിക്കാനാകില്ലെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെ എതിർത്തായിരുന്നു താസ്മിയ കമ്മിറ്റി മദ്രസ ബെഹ്‌റുൽ ഉലൂമും അപ്പീൽ നൽകിയത്. ഫെബ്രുവരി 23-ന് ദില്ലി വഖഫ് ബോർഡ് മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. ശബ്-ഇ-ബാരാത് സമയത്ത് ഈ സ്ഥലത്ത് പ്രവേശിക്കാൻ അനുവദിക്കണമെന്ന ഹർജിയും ജസ്റ്റിസ് സച്ചിൻ ദത്ത തള്ളിയിരുന്നു.

