Sunday, May 26, 2024
spot_img

അരുണാചലിലെ മലയാളികളുടെ മരണം; ‘ഡോൺ ബോസ്കോ’ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ?മൂവരുടെയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരുകളിലുള്ള ചാറ്റ്; ദുരൂഹത ഉണർത്തി ഇ-മെയിലുകൾ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയതിൽ ഒന്നിനുപുറകെ ഒന്നായി ദുരൂഹതകൾ ഏറുന്നു. ആര്യയുടെയും നവീനിന്‍റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശമാണെന്ന് പോലീസ്. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങള്‍ എത്തിയിരുന്നത് ഡോണ്‍ ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇ-മെയിൽ ഐഡിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഡോൺ ബോസ്കോ എന്ന വ്യാജ പേര് ഉപയോഗിച്ചത് ആര്യ ആണെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്.

ആര്യയും നവീനും ദേവിയും തമ്മിൽ വ്യത്യസ്ത പേരുകളിൽ ചാറ്റ് ചെയ്തത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്‍റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തി നിൽക്കുന്നതെന്നാ സൂചന. അതേസമയം, ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ രണ്ടിനാണ് വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരെ അരുണാചലിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Related Articles

Latest Articles