Tuesday, December 23, 2025

ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയുടെ വീടും തകർത്ത് ഇസ്രയേൽ ! വ്യോമാക്രമണത്തിൽ നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടു; ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചു

ടെല്‍ അവീവ് : ഹമാസ് തീവ്രാവാദി സംഘടനാ തലവന്‍ ഇസ്മായില്‍ ഹനിയ്യയുടെ വീട് തകർത്ത് ഇസ്രയേല്‍. ഹനിയ്യയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയതിന്റെ നാല് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം ഇസ്രയേല്‍ പ്രതിരോധസേന സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു .ഗാസയുടെ നിയന്ത്രണമുള്ള ഹമാസിന്റെ ഉന്നത നേതാവായ ഹനിയ്യ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവനാണ്. ഇയാളുടെ വീടുകളിൽ വച്ചായിരുന്നു ഹമാസ് ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കിയിരുന്നത്.
ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതിനൊപ്പം നിരവധി തീവ്രവാദികളെ വധിക്കാനും ഇസ്രയേലിനായി. ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസിന്റെ പാര്‍ലമെന്റ് കെട്ടിടവും പോലീസ് ആസ്ഥാനവും കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ഷാതി അഭയാര്‍ഥിക്യാമ്പിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തതായി ഇസ്രയേല്‍ സൈനികവക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി. പിടിച്ചെടുത്ത കെട്ടിടങ്ങളിൽ ഇസ്രയേല്‍ പതാക നാട്ടി.

അതിനിടെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിൽ ഹമാസ് തീവ്രവാദികളുടെ വൻ ആയുധ ശേഖരം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. അല്‍ ശിഫയുടെ താഴെയുള്ള ഭൂഗര്‍ഭതുരങ്കങ്ങളില്‍നിന്നാണ് ഹമാസും മറ്റൊരു തീവ്രവാദി സംഘടനയായ ഇസ്‌ലാമിക് ജിഹാദും യുദ്ധതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു.

Related Articles

Latest Articles