ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വെള്ളിയാഴ്ച മാരകമായ വ്യോമാക്രമണം നടത്തിയത്. ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പിന്റെ തലവൻ സയ്യിദ് ഹസൻ നസറുള്ള ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കെട്ടിടങ്ങളാണ് ഇസ്രായേൽ വിടുപൊടിയാക്കിയത്.
അതിനിടെ ഹിസ്ബുള്ളയുടെ കേന്ദ്ര ആസ്ഥാനത്ത് ഒരു “precise strike ” (കൃത്യമായ ആക്രമണം) നടത്തിയതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. കുറഞ്ഞത് ആറ് കെട്ടിടങ്ങളെങ്കിലും നശിപ്പിച്ചു. ഹിസ്ബുള്ളക്കെതിരെയുള്ള പോരാട്ടത്തിൽ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 90 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ സയ്യിദ് ഹസൻ നസറുള്ള ജീവിച്ചിരിപ്പുണ്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ഇറാന്റെ വാർത്താ ഏജൻസിയായ തസ്‌നിം അയാൾ സുരക്ഷിതനാണെന്ന് റിപ്പോർട്ട് ചെയ്തു.
ദിവസങ്ങൾക്കുമുമ്പ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് പേജുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. സംഭവത്തിന് പിന്നിൽ ടെൽ അവീവ് ആണെന്ന് ആരോപിച്ച്, ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇസ്രായേൽ ഇതിനെതിരെ കനത്ത വ്യോമാക്രമണത്തിലൂടെയാണ് പ്രതികരിച്ചത്.

