Saturday, May 4, 2024
spot_img

ഭാരതീയർക്കായി ഇസ്രയേൽ തുറന്നിട്ടത് ലക്ഷം തൊഴിലവസരങ്ങൾ ! ഇന്ത്യൻ തൊഴിലാളികളെ വിട്ടു നൽകുമോ എന്ന അഭ്യർത്ഥനയുമായി കേന്ദ്രസർക്കാരിന് മുന്നിൽ ഇസ്രയേൽ സർക്കാർ; ചർച്ചകൾ പുരോഗമിക്കുന്നു

ടെല്‍ അവീവ് : ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പാലസ്തീൻ തൊഴിലാളികള്‍ക്ക് പകരം ഭാരതീയരായ തൊഴിലാളികളെ എത്തിക്കാൻ ഇസ്രയേല്‍ ശ്രമം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.
ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളെയാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് അതിർത്തി തകർത്തെത്തിയ ഹമാസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന തൊണ്ണൂറായിരം പാലസ്തീൻ പൗരന്മാരുടെ ജോലി പെര്‍മിറ്റ് റദ്ദാക്കി അവരെ ജന്മനാട്ടിലേക്ക് മടക്കിയയച്ചിരുന്നു.

ഇതോടെ തൊഴിലാളി ദൗർലഭ്യം അനുഭവപ്പെട്ട ഇസ്രയേൽ 100,000 തൊഴിലാളികളെ ഉടനടി നല്‍കാൻ ഇസ്രായേല്‍ ഭാരതത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗളാണ് സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിംഗ് മേഖലകളില്‍ ജോലി ചെയ്യാൻ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.

നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താൻ ഇസ്രയേലി ബില്‍ഡേഴ്‌സ് അസോസിയേഷൻ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.

നേരത്തെ 18000ലധികം ഇന്ത്യക്കാര്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍, സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരത്തോളം പേര്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ അജയിലൂടെയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ഇസ്രയേലില്‍ തുടര്‍ന്നു. ഇസ്രയേലിന്റെ ആവശ്യം ഇന്ത്യൻ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Latest Articles