ദില്ലി : ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ . നിലവിലെ സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായി മാറാൻ സാധ്യതയുള്ളതിനാൽ ഇന്ത്യയ്ക്ക് ആശങ്കയുള്ളതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇറാനിലേക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രാലായം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണത്തിന് ഏത് നിമിഷവും ഇസ്രയേൽ തിരിച്ചടി നൽകുമെന്ന അഭ്യൂഹം ശക്തമാണ്.
“ഈ ദുഷ്‌കരമായ സമയത്ത് ആശയവിനിമയത്തിന്റെ പ്രധാന്യം കുറച്ചുകാണരുത്. എന്തെങ്കിലും പറയുകയും കൈമാറുകയും ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ , അതെല്ലാം നമുക്ക് ചെയ്യാൻ കഴിയുന്ന സംഭാവനകളാണെന്ന് ഞാൻ കരുതുന്നു. ഏതൊരു രാജ്യത്തിന്റെയും പ്രതികാരം അന്തരാഷ്ട്ര മാനുഷിക നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കണം.”- എസ് ജയശങ്കർ പറഞ്ഞു.
ആക്രമണത്തിന് മറുപടി കൊടുക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാർഢ്യവും ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഈ തെറ്റിന് ഇറാൻ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

