ഇസ്രായേൽ-ഇറാൻ സംഘർഷം കൊടുമ്പിരി കൊണ്ടിരിക്കെ സംഘർഷങ്ങളും പിരിമുറുക്കങ്ങളും ഒഴിവാക്കാൻ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംഘർഷത്തിൽ ഇരു രാജ്യങ്ങളുമായും അടുത്തതും സൗഹൃദപരവുമായ ബന്ധം നിലനിർത്തുന്നുണ്ടെന്നും സംഘർഷം കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
1980 കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് രാവിലെ നടന്നത്.ഇറാന്റെ തലസ്ഥാനവും പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തെയും ആണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ അർദ്ധസൈനിക സേനയായ ‘റെവല്യൂഷണറി ഗാർഡിന്റെ’ തലവനായ ജനറൽ ഹുസൈൻ സലാമി കൊല്ലപ്പെട്ടു.ഇറാനിലെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രധാന ശാസ്ത്രജ്ഞരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
പിന്നാലെ നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.

