Monday, June 17, 2024
spot_img

കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ മരണം; അജ്ഞാതനായ ബൈക്ക് യാത്രികന് കൊലയിലുള്ള പങ്ക് എന്ത് ? ചുരുളഴിയാതെ ദുരൂഹതകൾ

തൃശൂര്‍: പുറ്റേക്കരയില്‍ യുവ എന്‍ജിനീയര്‍ അരുണ്‍ ലാലിന്റെ കൊലപാതകത്തിൽ ചുരുളഴിയാതെ ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്.അരുണ്‍ ലാലിന്റെ കൊലയാളി ഒപ്പം വന്ന ബൈക്ക് യാത്രക്കാരനെന്ന് സൂചന. ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.അരുണ്‍ ലാലിനെ തിങ്കളാഴ്ച അര്‍ധരാത്രിയാണ് വഴിയരികില്‍ ഗുരുതര പരുക്കുകളോടെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു. ബിയര്‍ കുപ്പിക്കൊണ്ടും ഹെല്‍മറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പ്രതിയെത്തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിന് ചില നിര്‍ണ്ണായക സൂചനകള്‍ കിട്ടിയത്.

സംഭവം നടന്ന രാത്രി പത്തരയ്ക്ക് അരുണ്‍ ലാലും ബൈക്ക് യാത്രക്കാരനുമായി സംസാരിച്ച് നില്‍ക്കുന്നത് തൊട്ടടുത്ത ടര്‍ഫില്‍ കളി കഴിഞ്ഞു വരുന്ന യുവാക്കള്‍ കണ്ടിരുന്നു. പത്ത് മിനിട്ടിന് ശേഷം രണ്ടാമത്തെ പന്തുകളി സംഘമെത്തുമ്പോഴേക്കും കൃത്യം നടന്നിരുന്നു. യുവാക്കളെ കണ്ട ബൈക്ക് യാത്രക്കാരന്‍ വേഗത്തില്‍ ഓടിച്ചു പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം.

സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബൈക്കിന്റെ നമ്പര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് വിറ്റിരുന്നു എന്ന ഉടമയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. നഗരത്തിലെ ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അരുണ്‍ ലാല്‍ കൊല്ലപ്പെട്ടത്. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന അരുണ്‍ രാത്രിയാണ് നഗരത്തില്‍ നിന്നും മടങ്ങാറ്. ഐ ടി സംബന്ധമായ ജോലികള്‍ ചെയ്തായിരുന്നു ജീവിതം. നിരവധി പേരില്‍ നിന്ന് ചെറിയ തുകകള്‍ കടം വാങ്ങിയിരുന്നതായി വാട്‌സാപ്പ് പരിശോധിച്ചതില്‍ നിന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കൊലയാളി വൈകാതെ വലയിലാകുമെന്നാണ് പേരാമംഗലം പൊലീസിന്റെ പ്രതീക്ഷ.

Related Articles

Latest Articles