Tuesday, December 23, 2025

അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്

അമൃത്‍സർ : ഖലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്. ഇയാൾ ഒളിവിൽ പോയതു മുതൽ ഭാര്യയായ കിരൺദീപ് കൗറിനെ നിരീക്ഷണത്തിലാക്കിയിരുന്നെന്ന് പഞ്ചാബ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രിട്ടിഷ് പൗരത്വമുള്ള കിരൺദീപിന്റെ വീസയുടെ കാലാവധി വരുന്ന ജൂലൈയിൽ അവസാനിക്കും. യുകെയിലേക്ക് മടങ്ങിപ്പോകാനായി വിമാനത്താവളത്തിൽ എത്തിയ കിരൺദീപിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ച പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കിരൺദീപിന് രാജ്യം വിടാനാകാത്തപ്പോൾ താൻ രാജ്യം വിട്ടാൽ ഭാര്യ അറസ്റ്റിലാകുമെന്ന് അമൃത്പാൽ ഭയപ്പെട്ടിരുന്നു. ഭാര്യയെ സുരക്ഷിതമായി യുകെയിൽ എത്തിക്കാനായിരുന്നു അമൃത്പാലിന്റെ ഉദ്ദേശ്യം.

യുകെയിൽ സ്ഥിരതാമസമാക്കിയ കിരൺദീപ് രണ്ട് വർഷം മുൻപാണ് അമൃത്പാലിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ഒരാഴ്ച മുൻപാണ് ഇവർ പഞ്ചാബിൽ എത്തിയത്. കിരൺദീപ് വഴി അമൃത്പാൽ യുകെയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസവും ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കിരൺദീപിൽനിന്നും ചോദിച്ചറിഞ്ഞത്.

മാർച്ച് 18ന് ഒളിവിൽപ്പോയ അമൃത്പാൽ ഇന്ന് പഞ്ചാബിലെ മോഗയിൽ വച്ചാണ് കീഴടങ്ങിയത്. പുലർച്ചെയോടെ മോഗ ജില്ലയിലെ ഒരു ഗ്രാമത്തിലെ ഗുരുദ്വാരയിൽ വച്ചാണ് ഇയാൾ കീഴടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles