Saturday, May 4, 2024
spot_img

യു.എ.ഇ-യിൽ ബോട്ടപകടത്തിൽ മലയാളി യുവാവ് മരിച്ചു; ദുരന്തം പുതുതായി പണികഴിപ്പിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലെത്താനിരിക്കെ

ഷാർജ: യു.എ.ഇയിലെ ഖോർഫക്കാനിൽ നടന്ന ബോട്ടപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം വാഴവളപ്പിൽ വിജയന്റെയും ശ്യാമളയുടെയും മകൻ അഭിലാഷ്(38) ആണ് അപകടത്തിൽ മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു അഭിലാഷ്.
സഹപ്രവർത്തകർക്കൊപ്പം പെരുന്നാൾ അവധി ആഘോഷിക്കാൻ ഖോർഫക്കാനിലെത്തിയപ്പോഴാണ് അപകടം

അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും അഭിലാഷിന്റെ സഹപ്രവർത്തകരാണ്. 16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം പതിനെട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്. മലയാളിയാണ് ബോട്ട് നിയന്ത്രിച്ചിരുന്നത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറെ ആഗ്രഹത്തോടെ പുതുതായി പണികഴിപ്പിച്ച വീട്ടിൽ പാലുകാച്ചൽ ചടങ്ങിന് പങ്കെടുക്കാൻ നാട്ടിലെത്താൻ ഇരിക്കെയാണ് അപ്രതീക്ഷിത ദുരന്തം.

ഭാര്യ: അശ്വതി, മകൾ: അഭയ. സഹോദരൻ അജീഷ് ബഹ്‌റൈനിൽ ആണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles