ദില്ലി : ഗാർഹിക , വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നു. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പുറത്ത് വന്നു.
നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ ഇന്ധനവിലയിലുള്ള എക്സൈസ് തീരുവയിലോ വാറ്റിലോ കുറവ് വരുത്തിയാകും കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കുക. ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല എന്നതിനാൽ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞമാസം അവസാനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്. രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘ ഓണം, രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. പിന്നാലെ വാണിജ്യ പാചക വാതക വിലയും കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. ഈ വില ഈ മാസം ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

