Monday, May 20, 2024
spot_img

ഹിന്ദുമത വിശ്വാസികളുടെ ജീവതയെ അപമാനിച്ചത് ശുദ്ധ തോന്നിവാസം; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ചെങ്ങന്നൂർ: സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദുമത വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നായ ജീവത എഴുന്നള്ളത്തിനെ വികൃതമായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്.

ഇപ്പോൾ ഇതിനെതിരെ സി.പി.എമ്മിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഹിന്ദുമത വിശ്വാസികളുടെ ജീവത എഴുന്നള്ളത്തിനെ പരിഹസിക്കുകയും അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തിയത് ശുദ്ധമായ തോന്നിവാസമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ത്യയിൽ സെക്കുലറിസം എന്നാൽ പോസിറ്റിവായ മതേതരത്വമാണ്. ഒരു മതവും വേണ്ട എന്നല്ല, എല്ലാ മതവും തുല്യമാണ് എന്നും അതേ തുല്യത മതമില്ലാതെ ജീവിക്കുന്ന ഒരുവാനുമുണ്ട് എന്നാണ് ഭരണഘടന പറഞ്ഞു വയ്ക്കുന്നത്. ഒരു സി.പി.എമ്മുകാരന് അവിശ്വാസിയായോ, തലയിൽ തോർത്തിട്ട് ആരും കാണാതെ ആരാധനാലയത്തിൽ പോകുന്ന കുമാര പിള്ള സഖാവായോ, ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതേ സ്വാതന്ത്ര്യം തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന വിശ്വാസിക്കുമുണ്ടെന്ന് സി.പി.എം മറക്കരുത്. രണ്ടും കൃത്യമായ അതിരുകൾ തീർത്ത് വേർതിരിച്ചു തന്നെ വേണം പോകാൻ.

എന്നാൽ സി.പി.എം ചെയ്യുന്നത് വിശ്വാസികളുടെ സങ്കല്പങ്ങളിൽ ഹിംസാത്മകമായി കടന്നു കയറുക എന്നതാണ്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന പ്രതിരോധ ജാഥയുടെ ഭാഗമായി ഹിന്ദു മത വിശ്വാസികളുടെ ജീവത എഴുന്നള്ളത്തിനെ പരിഹസിച്ച് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച് എഴുന്നള്ളത്ത് നടത്തുന്നത് കണ്ടു. ഇത് ശുദ്ധമായ തോന്നിവാസമാണ്. സി.പി.എം നാളെ ഇക്കണക്കിന് കുരിശ്ശിലേറിയ ക്രിസ്തുവിന് പകരം കാറൽ മാർക്സിനെയോ, ഇസ്ലാമിക ആചാരങ്ങളെ പരിഹസിച്ചോ എന്തെങ്കിലുമൊക്കെ കോപ്രായം കാണിച്ചിട്ട് അത് ആവിഷ്കാര സ്വാതന്ത്ര്യമാണ് എന്ന് പറയും. അത് വിശ്വാസികളെ വെല്ലുവിളിക്കുക എന്നത് തന്നെയാണ്. ഹിംസാത്മകമല്ലാത്ത രാജ്യത്തിന്റെ നിയമങ്ങളെ പാലിക്കുന്ന ഏതൊരു ആചാരവും, അനുഷ്ഠാനവും പിന്തുടരാനുള്ള വിശ്വാസിയുടെ സ്വാതന്ത്ര്യത്തിനെ ഹനിക്കുവാൻ സി.പി.എം ശ്രമിക്കുന്ന വിശ്വാസികളോടുള്ള ചെറുക്കപ്പെടേണ്ട വെല്ലുവിളിയാണ്.

Related Articles

Latest Articles