ദില്ലി: മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എസ്. ജയ്പാൽ റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഐ.കെ.ഗുജ്റാൾ, മൻമോഹൻ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു.
1942 ജനുവരി 16ന് തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ജനിച്ച ജയ്പാല് റെഡ്ഡി വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. 1969 മുതൽ 1984വരെ ആന്ധ്രയിലെ കൽവകൂർത്തിയിൽ നിന്ന് നാലു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു.
1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗവുമായും പ്രവര്‍ത്തിച്ചു. 1998ല്‍ ഐ. കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നു. ഒന്നാം, രണ്ടാം യുപിഎ സര്‍ക്കാരുകളിലും കേന്ദ്രമന്ത്രിയായിരുന്നു. വാർത്താ വിതരണം, നഗരവികസനം, പെട്രോളിയം വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്.

