Saturday, October 3, 2026

ജമ്മു കാശ്മീര്‍ സംസ്ഥാനം ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മുകാശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 5 നും 6നും ആയി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജമ്മുകാശ്മീര്‍ പുനസംഘടന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അര്‍ധരാത്രിയില്‍ പൂര്‍ത്തിയാക്കിയത്.

രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും യാഥാര്‍ത്ഥ്യമാക്കിയുള്ള നാല് വിജ്ഞാപനങ്ങള്‍ ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതുതായി നിലവില്‍ വന്ന ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാധൂര്‍ സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകാശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിതനായ ഗിരീഷ് ചന്ദ്രമുര്‍മ്മു ഉച്ചയ്ക്ക് ശ്രീനഗറില്‍ സത്യപ്രതിജ്ഞ ചെയ്തു.

ജമ്മുകശ്മീര്‍ ഇനി അങ്ങനെ ഒരു സംസ്ഥാനമില്ല. ജമ്മുകാശ്മീരെന്നും ലഡാക്കെന്നും പേരിലുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് നിലവില്‍ വന്നു. ആകെ നാല് ഉത്തരവുകളാണ് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്.

ഇതില്‍ ആദ്യത്തേത് ജമ്മുകാശ്മീരിന്റെ സംസ്ഥാനമെന്ന നിലയിലുള്ള അസ്ഥിത്വം പിന്‍ വലിയ്ക്കുന്നതാണ്. രണ്ടാമത്തെ വിജ്ഞാപനം നിലവിലുള്ള ജമ്മുകാശ്മീര്‍ ഹൈക്കോടതിയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഹൈക്കോടതിയായി അധികാരപ്പെടുത്തുന്നു. ഇതനുസരിച്ച് ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എല്ലാ ജഡ്ജിമാരും ഇന്ന് മുതല്‍ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുടെ വ്യവഹാര പരിഹാര ചുമതലയാകും നിര്‍വഹിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ മൂന്നാം വിജ്ഞാപനം സ്ഥിരം താമസക്കാര്‍ പരമ്പര്യ സംസ്ഥാന വിഷയങ്ങള്‍ തുടങ്ങിയ വിവക്ഷകള്‍ ജമ്മുകാശ്മീരിന് നഷ്ടമായി.

ഇതൊടെ ഇന്ത്യയിലെ മറ്റ് ഏതൊരു കേന്ദ്രഭരണ പ്രദേശത്തിനും ഉള്ള അധികാര അവകാശങ്ങളും സ്ഥാനവും മാത്രമേ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇനി മുതല്‍ അവകാശപ്പെടാനാകൂ. പൂര്‍ണ അര്‍ഥത്തില്‍ ജമ്മുകാശ്മീരിനെ ഇന്ത്യയോടു ചേര്‍ക്കുക, പ്രദേശത്തിന്റെ വികസനവും പുരോഗതിയും സാധ്യമാക്കുക തുടങ്ങിയവയാണ് നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

Related Articles

Latest Articles