ജാനകി. വി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. വരുന്ന വ്യാഴാഴ്ച (ജൂലൈ 17) ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയാണ് വിവരം പങ്കുവച്ചിരിക്കുന്നത്. ഫേസ്‌ബുക്കിൽ പോസ്റ്റർ പങ്കുവച്ചാണ് താരം ജെഎസ്‌കെയുടെ റിലീസ് തീയതി അറിയിച്ചത്. യുഎ 16 പ്ളസ് സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൻറെ റീ എഡിറ്റ് ചെയ്ത പതിപ്പിന് കഴിഞ്ഞ ദിവസം സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നല്‍കിയിരുന്നു.എട്ട് മാറ്റങ്ങളോടെയാണ് സിനിമ എത്തുക.
സിനിമയിലെ കോടതി രംഗങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ 6 ഇടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ജൂൺ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു.
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ജെഎസ്‌കെ. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. ഏറെ നാളുകൾക്കുശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജെഎസ്‌കെ. സുരേഷ് ഗോപിയും മകൻ മാധവ് സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രംകൂടിയാണിത്. അസ്കർ അലി, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദുകൃഷ്ണ, ജയൻ ചേർത്തല, ഷഫീർ ഖാൻ, രജത്ത് മേനോൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

