Wednesday, May 29, 2024
spot_img

വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്: ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍

കോട്ടയം: കേരള കോണ്‍ഗ്രസസ് (എം)ന്റെ പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന ഒരു വിഭാഗത്തിന്റെ യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുന്‍ എംഎല്‍എ തോമസ് ജോസഫ് നിര്‍ദ്ദേശത്തെ പിന്താങ്ങി. ഇതോടെ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുമെന്ന് ഉറപ്പായി.ഇത് പിളര്‍പ്പുതന്നെയാണെന്ന നിലപാടിലാണ് പി ജെ ജോസഫ്.

യോഗത്തില്‍ നിന്ന് സിഎഫ് തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നു. എട്ട് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തിനെത്തി.

437 അംഗ സംസ്ഥാന സമിതിയില്‍ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അവകാശപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. മൂന്ന് എംഎല്‍എമാര്‍ പി ജെ ജോസഫിനൊപ്പമാണ്. രണ്ടു പേര്‍ ജോസ് പക്ഷത്തും.

പ്രവര്‍ത്തകര്‍ക്ക് ജോസ് കെ. മാണി നന്ദി പറഞ്ഞു. ‘ഇപ്പോഴൊന്നും പറയാനില്ല. ഇതിനു ശേഷം പലതും പറയാനുണ്ട്. അതിലേക്കു കടക്കുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ മാണി സാര്‍ നമുക്കൊപ്പമുണ്ട്. മാണി സാറിന്റെ പാത പിന്തുടരാന്‍ തീര്‍ച്ചയായും കഠിനാധ്വാനം ചെയ്യും. പാര്‍ട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ല, ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകും…’ ചെയര്‍മാനായതിനു ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ജോസ് കെ.മാണി പറഞ്ഞു.

ഇന്നു ചേരുന്നതു ബദല്‍ കമ്മിറ്റിയല്ലെന്ന് ജോസ് കെ.മാണി നേരത്തേ വ്യക്തമാക്കിയിരുന്നു.

അടച്ചിട്ട ഹാളിലായിരുന്നു വൈകിട്ട് മൂന്നോടെ യോഗം നടന്നത്. അധികം വൈകാതെ തന്നെ ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്ത തീരുമാനം വന്നു. മുതിര്‍ന്ന നേതാവ് സി എഫ് തോമസ് യോഗത്തില്‍ പങ്കെടുത്തില്ല. പി ജെ ജോസഫ് തൊടുപുഴയില്‍ തുടരുകയാണ്. വൈകിട്ടു തിരുവനന്തപുരത്തേക്കു പോകും.

കെ എം മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെച്ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനസമിതി വിളിക്കണമെന്ന ആവശ്യം പി ജെ ജോസഫ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.

Related Articles

Latest Articles