Sunday, December 28, 2025

എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; ജോസഫ് എം പുതുശ്ശേരി

കോട്ടയം: എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് എം പുതുശ്ശേരി. എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ. മാണി തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ജോസഫ് എം. പുതുശ്ശേരിയുടെ പ്രതികരണം. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി.

എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ടെന്നും പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകാനുള്ള വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി ഇതുവരെയും നല്‍കിയിട്ടില്ല. നിലവില്‍ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിലേക്ക് പോകുന്നില്ലെങ്കില്‍ ജോസഫ് പക്ഷത്തേക്കാണോ അതോ കോണ്‍ഗ്രസിലോ മറ്റ് ഏതെങ്കിലും യുഡിഎഫ് കക്ഷിയിലോ ചേരുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല. എല്‍ഡിഎഫിലേക്ക് പോകുന്നതിലുള്ള നിലപാട് മാത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles