Saturday, May 18, 2024
spot_img

സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; പ്രാദേശിക ലോക് ഡൗണ്‍ ഒഴിവാക്കണം; പ്രധാനമന്ത്രി

ദില്ലി: പ്രാദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ടെന്നും അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന്‌ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങള്‍ വിലയിരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങള്‍ ഗൗരവപരമായി കാണണമെന്നാണ് തന്‍റെ നിര്‍ദേശംമെന്നും ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങള്‍ നല്‍കല്‍ എന്നിവയില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളില്‍ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെര്‍ച്വല്‍ യോഗങ്ങള്‍ നടത്തണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles