Tuesday, December 23, 2025

സന്ദീപ് വാര്യർ, ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവെന്ന് കെ മുരളീധരന്‍ ! സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ പടലപ്പിണക്കം ?

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തന്റെ എതിർപ്പ് പരസ്യമാക്കി കെ മുരളീധരന്‍. സന്ദീപ് വാര്യര്‍ ഗാന്ധി വധത്തെ ന്യായീകരിച്ച നേതാവാണെന്നും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ കെ മുരളീധരൻ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. സന്ദീപിനെ പാർട്ടിയിൽ എടുക്കാൻ പാർട്ടി തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു

‘ഞാന്‍ അച്ചടക്കമുള്ള പാര്‍ട്ടി നേതാവാണ്. അദ്ദേഹത്തെ പാർട്ടിയിൽ എടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് അംഗീകരിക്കുന്നു. കൂടുതലൊന്നും പറയാനില്ല. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വരുന്നത് അറിഞ്ഞത് ടിവിയിലൂടെയാണ്. ഞാന്‍ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ് നേതാവല്ല, സാധാരണ പ്രവർത്തകനാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തില്‍ പതിവുള്ള ഏര്‍പ്പാടാണ് അത്.

ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇനി പറയാം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ വന്നില്ലെങ്കിലും പാലക്കാട് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു. പാലക്കാട് കോണ്‍ഗ്രസിന് 100 ശതമാനം വിജയം ഉറപ്പാണ്. പാലക്കാട് മണ്ഡലത്തെ വ്യക്തമായി പഠിച്ചയാളാണ് ഞാൻ” – കെ മുരളീധരൻ പറഞ്ഞു.

സന്ദീപ് വാര്യർ കോൺ​ഗ്രസിൽ വന്നത് നല്ല കാര്യമാണന്നും രണ്ടാഴ്ച മുമ്പ് വന്നാൽ പ്രിയങ്ക ​ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമായിരുന്നുവെന്നും കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.

Related Articles

Latest Articles