Saturday, January 10, 2026

കെ റെയിൽ; പ്രതിഷേധങ്ങളെ വകവയ്ക്കാതെ ഇന്നും സർവേ തുടരും; ഉദ്യോഗസ്ഥരെ തടയുമെന്ന് സമരക്കാർ

കണ്ണൂര്‍: കെ റെയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വീണ്ടും സർവ്വേ തുടരാനൊരുങ്ങി അധികൃതർ. കണ്ണൂരിൽ പ്രതിഷേധങ്ങളുണ്ടായാലും പോലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സർവ്വേ തുടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കിയുള്ളത്. ഉദ്യോഗസ്ഥരെ ഇന്നും തടയാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും സമര സ്ഥലത്ത് എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇന്നലെ സ്ഥാപിച്ച കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റുകയും അതിൽ റീത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും പുനരാരംഭിച്ചത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടഞ്ഞിരുന്നു.

അതേസമയം, തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പോലീസ് നടപടി വന്‍ പ്രതിഷേധത്തിന് വഴിവച്ചു. സമരക്കാർ ഉദ്യോഗസ്ഥരെ തടയുകയും സമരക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തുകയും ചെയ്തു. ഇതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ചു.

Related Articles

Latest Articles