Monday, May 20, 2024
spot_img

കല്ലിടാനുള്ള തീരുമാനം ആരുടേത്? കല്ലിടാന്‍ റവന്യൂ വകുപ്പ് അനുമതി നല്‍കിയെന്ന വാദം തെറ്റാണെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധ സമരങ്ങൾ ശക്തമാകുമ്പോൾ കെ റെയില്‍ കല്ലിടലില്‍ കൈയൊഴിഞ്ഞ് റവന്യു വകുപ്പ്. കല്ലിടാന്‍ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്നും, കല്ലിടുന്നതിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

ഇപ്പോൾ കെ. റെയില്‍ ആവശ്യപ്രകാരമാണ് കല്ലിടുന്നത്. കല്ലിടാന്‍ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കല്ലിടുന്നത് സാമൂഹ്യ ആഘാത പഠനത്തിന് വേണ്ടിയാണ്. ഇതിനു എതിരായാൽ കല്ല് എടുത്ത് മാറ്റും.

നേരത്തെ അങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നത് കെ.റെയില്‍ ആവശ്യപ്രകാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കല്ലിടല്‍ റവന്യു വകുപ്പിന്റെ നടപടി ക്രമമാണെന്നായിരുന്നു കെ റെയിലിന്റെ വിശദീകരണം.

അതേസമയം സംസ്ഥാനത്ത് പലയിങ്ങളില്‍ കല്ലിടല്‍ ആരംഭിച്ചു. കോട്ടയത്ത് കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം കനത്തതോടെ താത്കാലികമായി നിര്‍ത്തിവച്ച സര്‍വ്വേ നടപടികള്‍ വീണ്ടും തുടങ്ങി. ഇന്ന് പന്ത്രണ്ട് സ്ഥലങ്ങളിലാണ് കല്ലിട്ടത്. നട്ടാശ്ശേരിയില്‍ പ്രതിഷേധക്കാര്‍ എത്തും മുന്നേ കല്ലീടല്‍ നടത്തിയിരുന്നു. രാവിലെ പോലീസ് സന്നാഹത്തോടെ എത്തി നാട്ടിയ അതിരടയാളക്കല്ലുകള്‍ പ്രതിഷേധക്കാര്‍ എത്തി പിഴുതുമാറ്റി. നാട്ടിയ കല്ലുകള്‍ തിരികെ കൊണ്ടു പോയാല്‍ മാത്രമേ വാഹനം കടത്തി വിടൂ എന്ന് നാട്ടുകാര്‍ പറഞ്ഞു.

ആത്മഹത്യാ ഭീഷണികളുമായിട്ടാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സുമടക്കം വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വേ നടപടികള്‍ സംസ്ഥാന വ്യാപകമായി ഉണ്ടായേക്കില്ല എന്ന സൂചനകള്‍ ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാവിലെ കെ റെയില്‍ ഉദ്യോഗസ്ഥര്‍ എത്തി കല്ലുകള്‍ നാട്ടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

Related Articles

Latest Articles