Tuesday, September 22, 2026

കെ സുധാകരൻ തന്നെ തൽക്കാലം കെപിസിസി അദ്ധ്യക്ഷനായി തുടരും ! നേതൃമാറ്റം ചര്‍ച്ചയാക്കാതെ ദില്ലിയിൽ ഹൈക്കമാന്‍ഡ് ചർച്ച ; വികാരാധീനനായി കെ സുധാകരൻ

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ദില്ലിയിൽ ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ച അവസാനിച്ചു. നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നൽകി.അതേസമയം ആകാക്ഷയോടെ നോക്കി കണ്ടിരുന്ന നേതൃമാറ്റം ചര്‍ച്ചയായില്ല. തൽക്കാലം കെ സുധാകരൻ തന്നെ കെപിസിസി അദ്ധ്യക്ഷനായി തുടരും. കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളിൽ മാത്രം പുനസംഘടന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

തനിക്കും വിഡി സതീശനും ഇടയിൽ ഒരു പ്രശ്നവുമില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ യോഗത്തിൽ പറഞ്ഞു. യോഗത്തിൽ വികാരാധീനനായാണ് സുധാകരൻ സംസാരിച്ചത്. നേതൃതലത്തിൽ തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നുവെന്നും താൻ ദുർബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരൻ തുറന്നടിച്ചു. എന്നാൽ .പാർട്ടി ഐക്യം തകർക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചർച്ചയായെന്നും എല്ലാ നേതാക്കളും സംസാരിച്ചുവെന്നും വരും മാസങ്ങളിൽ നിരവധി പരിപാടികൾ നടത്തുമെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗത്തിനുശേഷം പ്രതികരിച്ചു.

Related Articles

Latest Articles