Friday, March 29, 2024
spot_img

ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ഗതികേട്: തൃക്കാക്കരയില്‍ രണ്ടു മുന്നണികള്‍ക്കും കാലിടറുന്നുവെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്റി20യ്ക്കും സാബു എം.ജേക്കബ്ബിനും പിന്നാലെ പിന്തുണ തേടി നടക്കുന്നതു യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ഗതികേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

പിണറായി സര്‍ക്കാര്‍ ട്വന്റി20യെ വേട്ടയാടിയപ്പോള്‍, യുഡിഎഫ് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചാണ് വേട്ടയാടിയത്. എന്നിട്ട് അവരും ഇപ്പോള്‍ പറയുന്നു വോട്ടു വേണമെന്നാണ്. രണ്ടു കൂട്ടരും സാബുവിനെ വാനോളം പുകഴ്ത്തുകയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

”ട്വന്റി20യുടെ ദലിത് സമുദായക്കാരനായ പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കൊന്നപ്പോള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും തിരിഞ്ഞു നോക്കിയില്ല. ബിജെപിയുടെ എല്ലാ നേതാക്കളും അവിടെ ഓടിയെത്തി. അവര്‍ക്കായി സംസാരിക്കാനുണ്ടായിരുന്നത് ബിജെപിയും എന്‍ഡിഎയും മാത്രമാണ്. ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പു വന്നപ്പോള്‍ എല്ലാവരും പിന്നാലെ ചെല്ലുകയാണ്’ – സുരേന്ദ്രന്‍ പറഞ്ഞു.

”അന്നും ഇന്നും ബിജെപി എടുത്ത നിലപാടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ എല്ലാം സാബുവിനെ സ്വാഗതം ചെയ്തതാണ് ചരിത്രം. വികസനം തുടങ്ങാന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് എന്നാണ് ബിജെപി പറഞ്ഞത്.

സാബുവിനേയും അദ്ദേഹത്തിന്റെ ആവശ്യങ്ങള‌േയും സ്വാഗതം ചെയ്തത് ബിജെപി മാത്രമാണ്. രണ്ടു മുന്നണികളുടെയും ജനപിന്തുണ ഇടിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നത്. രണ്ടു മുന്നണികള്‍ക്കും എതിരായിരിക്കും ജനപിന്തുണ എന്നു വ്യക്തമാക്കുന്നതായിരിക്കും ഈ ഉപതരിഞ്ഞെടുപ്പ്.’

”തൃക്കാക്കരയില്‍ രണ്ടു മുന്നണികള്‍ക്കും കാലിടറുന്നു എന്നതിന്റെ തെളിവാണ് രണ്ടു ദിവസങ്ങളിലായുള്ള ഇവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി കെ-റെയില്‍ വരും കേട്ടോ എന്നാണ് പറഞ്ഞത്. വരില്ല കേട്ടോ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. കുറ്റിയടി അവസാനിപ്പിച്ച്‌ ആകാശ സര്‍വേ നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു സര്‍വേയും നടത്താന്‍ ജനങ്ങള്‍ സമ്മതിക്കില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ അതു മനസ്സിലാകും.’

”കേരളത്തില്‍ ബിജെപി ബാലാരിഷ്ടതകള്‍ കടന്നു ശക്തമായ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച നേട്ടം ഇതിന്റെ സൂചനയാണ്. എറണാകുളം ജില്ലയില്‍ ബിജെപി മല്‍സരിച്ച അഞ്ചിടങ്ങളില്‍ മൂന്നിടത്തും ജയിച്ചു. തോറ്റ രണ്ടിടങ്ങളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകളും ബിജെപിക്കും എന്‍ഡിഎയ്ക്കും ലഭിച്ചതിന്റെ സൂചനയാണിത്’ – സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Latest Articles