Monday, October 12, 2026

സിപിഎം അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിച്ചു; ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്നതെന്ന് പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാത്രമല്ല ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ പാര്‍ട്ടിയുടെ ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും സാമ്പത്തിക നയങ്ങളാണെങ്കിലും ബിജെപി സര്‍ക്കാരുകള്‍ അടിസ്ഥാന ആശയത്തില്‍ ഉറച്ചു നില്‍ക്കും. പ്രത്യയശാസ്ത്രത്തില്‍ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികള്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ സിപിഎം അടിസ്ഥാന ആശയങ്ങളിൽ വെള്ളം ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ ലക്ഷണങ്ങളാണ് പാർട്ടി കോൺഗ്രസിൽ കണ്ടത്. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചപ്പോള്‍ സിപിഎം അവരുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചുവെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

തൊഴിലാളിവര്‍ഗ്ഗ താല്‍പര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാര്‍ട്ടി ഭരണം നടത്തുന്നത് ആ താല്‍പര്യത്തിന് എതിരായിട്ടാണ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനാണ് സി.പി.എം നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റുകയോ അടിച്ചു മാറ്റുകയോ ചെയ്യുന്നു. എന്നിട്ടും ആദിവാസി ക്ഷേമം പറയുന്നത് ശുദ്ധ കാപട്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles