Thursday, October 15, 2026

കേരളത്തിലെ എല്ലാ ജില്ലകളിലും അഞ്ച് ദിവസം കൂടി മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതേതുടർന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

മാത്രമല്ല അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

അതേസമയം നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം. കേരള തീരത്ത് ഇന്ന് അർധരാത്രി വരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഏപ്രിൽ 12 മുതൽ 13 വരെയും കർണാടക തീരത്ത് ഏപ്രിൽ 12 നും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles