Monday, June 17, 2024
spot_img

“ഭരണപക്ഷം മൗനം പാലിച്ചത് ഒരു നേട്ടവുമുണ്ടാക്കാൻ സാധിക്കാത്തതുകൊണ്ട്”!!! തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾക്കൊടുവിലാണ് ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടത്. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എന്നാൽ സമ്മേളനത്തിൽ ഭരണപക്ഷം മൗനം പാലിക്കുകയും പ്രതിപക്ഷം സഭ വിട്ടു ഇറങ്ങിപ്പോവുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ (K Surendran Against Kerala Government) കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നടത്തുമ്പോൾ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാൻ സാധിക്കാത്തത് സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനാവാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ പൂർണ പരാജയമാണെന്ന് ഇടതുപക്ഷത്തെ എംഎൽഎമാർക്ക് ബോധ്യമായതു കൊണ്ടാണ് നിയമസഭയിൽ കയ്യടികൾ ഉയരാതിരുന്നത്. സ്വന്തം പിടിപ്പുകേട് മറയ്‌ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ പഴിചാരുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ സഹായം ഉള്ളതു കൊണ്ട് മാത്രമാണ് കേരളത്തിൽ പട്ടിണിയില്ലാതെ പോയത്. കോവിഡ് കാലത്ത് കേന്ദ്രം ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് കേരളത്തിനാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും മറ്റ് സഹായങ്ങളും കൃത്യമായി ലഭിച്ചുവെങ്കിലും സംസ്ഥാനത്തിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചില്ല എന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാന ധനകാര്യ വകുപ്പിന് നികുതി പിരിക്കാൻ പോലും കഴിവില്ലാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രഫണ്ടുകൾ വഴിമാറ്റി ചിലവഴിക്കാനാണ് പിണറായി സർക്കാരിന് താത്പര്യമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ പ്രതിരോധത്തിലാവുമ്പോഴൊക്കെ അദ്ദേഹത്തെ സഹായിക്കുന്ന ജോലിയാണ് വി.ഡി സതീശൻ ചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

Related Articles

Latest Articles