ആലപ്പുഴ: ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിക്കെതിരെ ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വേണു രാജാമണി വിദേശകാര്യ മന്ത്രി ചമയുകയാണെന്ന് കെ സുരേന്ദ്രന്‍ പരിഹസിച്ചു. വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നു. എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളുന്നില്ല. പകരം വേണു രാജാമണി തള്ളുന്നു. യുക്രൈനിൽ നിന്നു വിദ്യാർഥികളെ എത്തിച്ചത് കേന്ദ്രസർക്കാർ ആണെന്ന് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോർ കമ്മിറ്റി യോഗത്തിന് പിന്നാലെ ഇന്ന് ആലപ്പുഴയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലായിരുന്നു പരാമർശം. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവ്വകാല റെക്കോർഡിലാണ് സമർപ്പണനിധിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. കൊട്ടേഷന്‍ -ലഹരി മാഫിയ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. ക്രിമിനലുകള്‍ക്കെല്ലാം രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിഷ്‌ക്രിയമാണ്. ഔദ്യോഗിക പ്രതിപക്ഷത്തിന് ഇത്തരം കാര്യത്തിലൊന്നും ഒരു താത്പര്യവുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

