Sunday, October 11, 2026

കൊലപാതകങ്ങൾ ആഭ്യന്തരവകുപ്പിന്റെ വീഴ്ച, തികഞ്ഞ ആത്മസംയമനത്തോടെ പ്രതിഷേധിക്കും, കെ സുരേന്ദ്രൻ

 

 

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘ആലപ്പുഴയില്‍ നടന്നതിന് സമാനമാണ് പാലക്കാട് നടന്ന കൊലപാതകം. ആക്രമണമുണ്ടായ സ്ഥലം പ്രശ്‌നബാധിത മേഖലയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടും ഒരു പിക്കറ്റ് പോസ്റ്റ് പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. സംഭവം നടന്നത് പോലീസ് സ്റ്റേഷനടുത്താണ് എന്നുള്ളത് കൊലപാതകത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. അക്രമം വ്യാപിപ്പിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം പോലീസ് കണ്ടില്ലെന്ന് നടിച്ചു. ഭീകരവാദ സംഘടനകള്‍ക്ക് മുന്‍പില്‍ പോലീസ് മുട്ടുമടക്കുകയാണ്. കൊലപാതകം ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയാണ്

പോപ്പുലര്‍ ഫ്രണ്ടിനെ സര്‍ക്കാര്‍ അഴിഞ്ഞാടാന്‍ വിടുകയാണ്. സിപിഎമ്മിന്റെ സംരക്ഷണം പോലും അവര്‍ക്ക് ലഭിക്കുകയാണ്. നിരപരാധികളെ കൊലപ്പെടുത്തുന്ന സാഹചര്യത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല’. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

 

പാലക്കാട്ട് നടന്ന അനിഷ്ട സംഭവങ്ങളിൽ പാർട്ടിക്ക് പങ്കില്ല. തികഞ്ഞ ആത്മസംയമനത്തോടെ ബിജെപി പ്രതിഷേധം നടത്തുമെന്നും ആഭ്യന്തര വകുപ്പിന്റെ തുടര്‍ച്ചയായ വീഴ്ച ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

Related Articles

Latest Articles