Monday, January 12, 2026

എല്ലാ സര്‍വകലാശാലകളിലും പിന്‍വാതിലിലൂടെയും അധികാര ദുര്‍വ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റും; അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനും സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

മുഖ്യമന്ത്രി അഴിമതി നടത്തിയാല്‍ അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഇല്ലെങ്കില്‍ ജനങ്ങള്‍ അക്കാര്യം ഏറ്റെടുക്കും.

എല്ലാ സര്‍വകലാശാലകളിലും പിന്‍വാതിലിലൂടെയും അധികാര ദുര്‍വ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകി കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്ത ഇടതു സര്‍ക്കാര്‍ തങ്ങളുടെ അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവര്‍ണറുടെ ചിറകരിയാന്‍ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നത്.

ഒരു ചെറിയ സംസ്ഥാനത്തില്‍ അധികാരമുപയോഗിച്ച്‌ അഴിമതി നടത്താന്‍ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിര്‍മ്മാണവും കൊണ്ടുവരുന്ന ഇവര്‍ ഇന്ദ്രപ്രസ്ഥത്തിന് അടുത്തെത്തിയാല്‍ നമ്മുടെ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിന്‍ ഉത്തരകൊറിയന്‍ മോഡല്‍ നടപ്പാക്കുകയാണ് ചെയ്യുക. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ അഴിമതി നിര്‍ബാധം നടത്താനായി അതു തടയാന്‍ കഴിയുന്ന എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

Related Articles

Latest Articles