Monday, June 17, 2024
spot_img

കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യ എവിടെയെന്നറിയാതെ പോലീസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നിരപരാധിയാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കള്ളക്കേസാണെന്നും ജാമ്യാപേക്ഷയിൽ ഇവർ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രഹസ്യമായാണ് ജാമ്യാപേക്ഷ നൽകിയത്.

വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് റിപ്പോർട്ട് .വിദ്യയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും വിദ്യയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. വിദ്യ ഒളിവില്‍ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു.

ജോലി നേടാനായി വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച് അഭിമുഖത്തിനു ഹാജരാക്കിയെന്നു പാലക്കാട് അട്ടപ്പാടി ഗവ. കോളജ്, കാസർഗോഡ് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണു വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിൽ നീലേശ്വരം പൊലീസും അഗളി പൊലീസും പരിശോധന നടത്തിയിരുന്നു.

Related Articles

Latest Articles