തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് മറുപടിയെതുടര്‍ന്ന് പൊതു സമൂഹത്തില്‍ അപഹാസ്യനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും കുമ്മനം രാജശേഖരനെതിരെ രംഗത്തെത്തി.ജോലി രാജിവെച്ച് വര്‍ഗ്ഗീയ പ്രചാരണത്തിന് ഇറങ്ങിയ ആളല്ല താനെന്നാണ് കടകംപള്ളിയുടെ വാക്കുകള്‍. ഇന്ന് പരമസ്വാതികനായി ചമയുന്ന കുമ്മനത്തിന്‍റെ പഴയകാലം കേരളം മറന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞു.
തന്‍റെ ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ കുമ്മനത്തെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു എന്ന പ്രസ്താവനയുമായി കഴിഞ്ഞദിവസം കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
കുമ്മനം രാജശേഖരനെ മോശമായ ഭാഷയില്‍ ചിത്രീകരിച്ച ദേവസ്വം മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുളിമുറി സാഹിത്യമാണ് കടകംപള്ളിയുടേത് എന്ന് കുമ്മനം തിരിച്ചടിക്കുകയും ചെയ്തു. ജോലി രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താനെന്നും, രാഷ്ട്രീയത്തിലെത്തി ജോലി നേടിയ ആളല്ല എന്നും കുമ്മനം പറഞ്ഞിരുന്നു. കള്ളവാറ്റുകാരുടെ മാസപ്പടി കുറിച്ചുള്ള ഡയറിയില്‍ തന്‍റെ പേര് കാണില്ലെന്നും കുമ്മനം പറഞ്ഞു.
കുമ്മനത്തിന്‍റെ മറുപടി കടകംപള്ളി സുരന്ദ്രന് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകളിലുള്ള കുമ്മനം രാജശേഖരന്‍റെ പ്രവര്‍ത്തനകാലത്തെ അപഹസിച്ച് കടകംപള്ളി വീണ്ടും രംഗത്തെത്തിയത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, നിലയ്ക്കല്‍ പ്രക്ഷോഭം എന്നിവയുടെ നേതൃനിരയിലുണ്ടായിരുന്ന കുമ്മനം രാജശേഖരനെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നയാള്‍ എന്നു വിശേഷിപ്പിക്കുന്ന ദേവസ്വം മന്ത്രിയുടെ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

