Wednesday, September 30, 2026

ചിത്രങ്ങൾ വിനയായി !!! പ്രതിരോധം തകർന്ന് കടകംപള്ളി ; മൂന്നാമതും ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളിയും ഒന്നിച്ചുള്ള മറ്റൊരു ചിത്രംകൂടി പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം. പോറ്റിയുടെ വീട്ടിൽ ഒരു പ്രാവശ്യമേ പോയിട്ടുള്ളൂവെന്നായിരുന്നു കടകംപള്ളി നേരത്തെ പറഞ്ഞിരുന്നത്. പോറ്റിയുടെ വീട്ടിൽ വെച്ചു തന്നെ പോറ്റിയുടെ സഹോദരിയുടെ മകൾക്ക് പേന സമ്മാനമായി നൽകുന്ന കടകംപള്ളിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. പരീക്ഷയിൽ ഉന്നതവിജയം നേടിയതിനാണ് സമ്മാനം നൽകിയതെന്നാണ് വിവരം.

അടൂർ പ്രകാശ് എം.പി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ശബരിമലയിൽ നടന്നൊരു ഉദ്ഘാടനച്ചടങ്ങിൽ നിൽക്കുന്ന ചിത്രവും പുതുതായി പുറത്തുവന്നു. പോറ്റിയുടെ വീട്ടിൽ പോയിരുന്നുവെന്ന് ആദ്യം വിവരം പുറത്തുവന്നപ്പോൾ, അവിടെ ഒരു കുട്ടിയുടെ ചടങ്ങുമായി ബന്ധപ്പെട്ടാണ് പോയതെന്നും പിന്നീട് പോയിട്ടില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചത്. പോയത് പോറ്റിയുടെ അച്ഛന്റെ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണെന്നും അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി പോറ്റിയുടെ അച്ഛന് നൽകിയെന്നും കടകംപള്ളി പിന്നീട് പറഞ്ഞു. ഗൺമാൻമാർക്കൊപ്പമാണ് പോയതെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ചിത്രം പുറത്തുവന്നതോടെ തനിക്കൊപ്പം മുൻ എം.എൽ.എ. രാജു എബ്രാഹാം ഉണ്ടായിരുന്നുവെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles