Sunday, May 12, 2024
spot_img

കളമശ്ശേരി സ്ഫോടനം ! ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി; നാളെ കോടതിയിൽ ഹാജാരാക്കും

കൊച്ചി: കളമശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ നടന്ന യഹോവ സാക്ഷ്യത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാള്‍ക്കെതിരെ യുഎപിഎ. അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ കൊലപാതകം, വധശ്രമം, സ്‌ഫോടകവസ്തും ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവിൽ ബോംബ് നിര്‍മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണ് പോലീസ്. ബോംബ് സ്ഥാപിക്കുന്നതിനായി ഇയാൾ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും സ്ഫോടനം നടത്തിയതിൻ്റെ തലേന്നുൾപ്പടെ രണ്ട് തവണ ഇയാൾ കൺവെൻഷൻ സെൻ്ററിലെത്തി സാഹചര്യങ്ങൾ മനസിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.

വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ഇയാൾ ബോംബ് നിർമാണത്തെക്കുറിച്ച് പഠനം നടത്തിയിരുന്നതായി കണ്ടെത്തി. ബോംബ് നിർമാണത്തെക്കുറിച്ച് പഠിക്കാൻ അമ്പതിലധികം തവണയാണ് ഇയാൾ ഇന്റർനെറ്റിൽ പരതിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തോട് ഇയാൾക്ക് പ്രതികാര മനോഭാവമുണ്ടായിരുന്നതായി വിവരമുണ്ടെങ്കിലും സ്‌ഫോടനത്തിന് പിന്നിൽ വിശ്വാസപരമായ എതിർപ്പാണോ വ്യക്തിപരമായ വിദ്വേഷം ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

പ്രതി താൻ കൃത്യം നിർവഹിച്ചത് ഒറ്റയ്ക്കാണ് എന്നാണ് ആവർത്തിച്ചാവർത്തിച്ച് പറയുന്നതെങ്കിലും പുറത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസും കേന്ദ്ര ഏജൻസികളും പരിശോധിച്ച് വരികയാണ്. സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും മറ്റ് ഡിജിറ്റൽ തെളിവുകളും ഹാജരാക്കി തന്റെ വാദത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളും ഇയാൾ നടത്തുകയാണ്. വിദേശത്തായിരുന്നപ്പോൾ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നവരിൽനിന്ന് ഇയാൾ വിവരങ്ങൾ തേടിയിരുന്നു. യഹോവ സാക്ഷികളുടെ യോഗത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കി വിദേശത്ത് വച്ച് പദ്ധതി തയാറാക്കിയാണ് ഇയാൾ നാട്ടിലേക്ക് വിമാനം കയറുന്നത്. ബോംബ് നിർമിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പല പമ്പുകളിൽ നിന്നായി പെട്രോളും വാങ്ങി. ബോംബ് നിർമാണത്തിനാവശ്യമായ കരിമരുന്ന് ഗുണ്ടുകളും മറ്റും വാങ്ങി അതിൽ നിന്നാണ് വേർതിരിച്ചെടുത്തത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തു ഹാളിനുള്ളിലേക്ക് കയറ്റിയത്.

ഇയാളുടെ ഭാര്യമാതാവ് പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇയാള്‍ ദൗത്യത്തില്‍ നിന്ന് പിന്‍മാറിയില്ലെന്ന് പോലീസ് പറയുന്നു. അഞ്ചു മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ ഡൊമിനിക് ഏഴു മണിയോടെയാണ് സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലേക്കെത്തുന്നത്. കൃത്യം നടത്തിയ ശേഷം സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുന്നു. പിന്നീട് കളമശ്ശേരിയില്‍ നിന്ന് കൊരട്ടിയിലെത്തി മുറിയെടുത്ത ശേഷം കൊടകര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുന്നു. ലോഡ്ജ്മുറിയില്‍ വെച്ചാണ് സാമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ചിത്രീകരിക്കുന്നത്.

വിശദമായ ചോദ്യംചെയ്യലിനു ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജന്‍സി, എന്‍എസ്ജി, സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളുള്‍പ്പടെ ഇയാളെ വിശദമായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

Related Articles

Latest Articles