കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കില്ലെന്ന് പൊലീസ്. സുരേഷ് കല്ലടയ്ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കല്ലട ബസിലെ യാത്രക്കാരെ മര്‍ദിച്ച കേസില്‍ കുടുതല്‍ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര എ സി പി പറഞ്ഞു. പിടിയിലായ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് തൃക്കാക്കര എ സി പി കൂട്ടിച്ചേര്‍ത്തു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. കല്ലട ബസിലെ അതിക്രമത്തില്‍ 7 പേരാണ് അറസ്റ്റിലായത്. വധശ്രമം, മോഷണശ്രമം, പിടിച്ചുപറി, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രാത്രിയില്‍ 168 ബസ്സുകള്‍ പരിശോധിച്ചു. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയ വാഹനങ്ങളില്‍ നിന്നും 5,05,000 രൂപ പിഴ ഈടാക്കി. 120 ബസ്സുകളിലാണ് പെര്‍മിറ്റ് ലംഘനം കണ്ടെത്തിയത്. കല്ലടയുടെ 20 ബസ്സുകള്‍ക്ക് നോട്ടീസ് നല്‍കി. 43 ട്രാവല്‍ ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

