കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ സുരേഷ് കല്ലടയ്ക്ക് അന്ത്യശാസനവുമായി പൊലീസ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഹാജരായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.
യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് രേഖാമൂലം നൽകിയിരിക്കുന്ന നിർദേശം. സമയപരിധി ഇന്നലെ തീർന്നതോടെയാണ് പൊലീസ് അന്ത്യശാസനം നൽകിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.

