കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകില്ല. ആരോഗ്യപ്രശ്നമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിശദീകരണം.
അതേസമയം, ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ സുരേഷ് കല്ലടയോട് പോലീസ് ആവശ്യപ്പെട്ടു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് കല്ലട സുരേഷിനോട് പോലീസ് നിര്‍ദേശിച്ചിരുന്നത്. ഇന്നുകൂടി ഹാജരായില്ലെങ്കില്‍ പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടി ഉണ്ടായേക്കും. സുരേഷിന് സംഭവത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

