Wednesday, May 15, 2024
spot_img

അഗ്രഹാരങ്ങളുണർന്നു കൽപ്പാത്തിയിൽ രഥമുരുളാൻ ഇനി മണിക്കൂറുകൾ മാത്രം, കൽപ്പാത്തിപ്പുഴയോരത്ത് വൈദീക കാലഘട്ടം മുതൽ വേരൂന്നിയ ചരിത്ര പ്രസിദ്ധമായ രഥോത്സവത്തിന്റെ സമ്പൂർണ്ണ തത്സമയ ദൃശ്യങ്ങളുമായി തത്വമയിയും

പാലക്കാട് : ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവമാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ് പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.

നാളെ ആരംഭിക്കുന്ന രഥോത്സവം ബുധനാഴ്ചയാണ് അവസാനിക്കുന്നത്. മഹാമാരിയും കോവിഡും മൂലം മുടങ്ങിയ രാഥോത്സവം മൂന്ന് വർഷത്തിന്റെ ഇടവേളക്ക് ശേഷമാണ് ഇക്കുറി ആഘോഷപൂർവ്വം കൊണ്ടാടുന്നത്.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് രഥോത്സവത്തിന് കൊടിയേറിയത്. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലായിരുന്നു കൊടിയേറിയത്. ഇതിന് മുന്നോടിയായി ഗ്രാമക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വാസ്തുശാന്തിയും നടന്നു.

നവംബര്‍ 14, 15, 16 തീയതികളിലാണ് കല്പാത്തി രഥോത്സവം. ബുധനാഴ്ച വൈകീട്ട് കല്പാത്തി ദേശീയ സംഗീതോത്സവത്തിനും തുടക്കമാവും. കൊടിയേറ്റംകഴിഞ്ഞ് അടച്ചാല്‍ വൈകീട്ട് ഏഴിനാണ് ക്ഷേത്രനട തുറക്കുന്നത്. തുടര്‍ന്ന് പുണ്യാഹശുദ്ധി, യാഗശാലപൂജ, അഷ്ടബലി, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം, അര്‍ധയാമപൂജ എന്നിവ നടക്കും. ഒന്നാംതേരുനാളായ 14-ന് രാവിലെ രഥാരോഹണത്തിനുശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും.

ചൊവ്വാഴ്ച രാവിലെ എട്ടിന് വേദപാരായണം ആരംഭിച്ചു. രുദ്രാഭിഷേകത്തിനുശേഷം 10.30നും 11.30നും ഇടയ്ക്കായിരുന്നു കൊടിയേറിയത്. വൈകീട്ട് നാലിന് വേദപാരായണം, രാത്രി 10.30-ന് ഗ്രാമപ്രദക്ഷിണം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് വേദപാരായണം, രുദ്രാഭിഷേകം എന്നിവയും വൈകീട്ട് നാലിന് വേദപാരായണം, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം എന്നിവയും നടക്കും. ഒമ്പതിന് വൈകീട്ട് സംഗീതോത്സവം ആരംഭിക്കും. 15-ന് രാവിലെ 10.30ന് രഥാരോഹണം. വൈകീട്ട് അഞ്ചിന് രഥപ്രദക്ഷിണം ആരംഭിക്കും.

ചൊവ്വാഴ്ച രാവിലെ ഏഴിന് കളഭാഭിഷേകം, വേദപാരായണ ആരംഭം എന്നിവ നടക്കും. രാവിലെ 10.30നും 11-നും ഇടയിലാണ് കൊടിയേറ്റം. രാത്രി പത്തിന് എഴുന്നള്ളത്ത്. 16-ന് രാവിലെ 10നും 10.30നും രഥാരോഹണം നടക്കും. വൈകീട്ട് നാലിന് രഥം ഗ്രാമപ്രദക്ഷിണം. ചൊവ്വാഴ്ച രാവിലെ പൂജകള്‍ക്കുശേഷം 9.30-നും 10.30-നും ഇടയ്ക്ക് ഉത്സവത്തിന് കൊടിയേറും. 16-ന് രാവിലെ 9.30നും 10.15നും ഇടയ്ക്കാണ് രഥാരോഹണം. രഥോത്സവത്തിന്റെ തത്സമയ കാഴ്ചകൾക്കായി തത്വമയി നെറ്റ് വർക്കും ചേരുന്നതാണ്. തത്സമയ കാഴ്ചകൾക്കായി bit.ly/3Gnvbys ഈ ലിങ്കിൽ പ്രവേശിക്കുക.

Related Articles

Latest Articles