Friday, September 25, 2026

കനകമല ഐ എസ് ക്യാമ്പ്; കേസിൽ ശിക്ഷാവിധി ഇന്ന്

കൊച്ചി: കനകമലയിൽ ഐഎസ് ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ കോടതി ഇന്ന് ശിക്ഷാ വിധി പറയും. കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്. കേസില്‍ ആറാം പ്രതി എന്‍കെ ജാസിമിനെ കോടതി വെറുതെ വിട്ടിരുന്നു. പ്രതികളുടെ ഐ എസ് ബന്ധം പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെങ്കിലും പ്രതികള്‍ തീവ്രവാദ പ്രചരണം നടത്തിയെന്നും യു എ പി എയുടെ വിവിധ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്കെതിരെ കോടതി ദേശദ്രോഹക്കുറ്റം കണ്ടെത്തിയിട്ടില്ലെങ്കിലും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ആഗോള തീവ്രവാദസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് 2016-ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി അന്വേഷണത്തില്‍ എന്‍ഐഎ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles