Monday, April 29, 2024
spot_img

സിപിഐ നേതാവ്, പ്രസിഡണ്ടായ ബാങ്കിൽ നടന്നത് വഴിവിട്ട നിയമനങ്ങളും അനധികൃത വായ്പകളും; കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റും കുടുംബവും നൽകേണ്ടത് ഒരു കോടിയോളം രൂപ

തിരുവനന്തപുരം: നൂറ് കോടിയുടെ ക്രമക്കേട് നടന്ന് കടുത്ത പ്രതിന്ധിയിലായ തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിൻറെ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്‍ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാര്‍ക്ക് മാനദണ്ഡമില്ലാതെ സ്വന്തം ഇഷ്ട്ടത്തിൽ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്‍റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക വരുത്തിയത് 90 ലക്ഷം രൂപയാണ്. സിപിഐ നേതാവായ ഭാസുരാംഗന്‍ പാര്‍ട്ടിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വാരിക്കോരി നല്‍കിയ വായ്പകളും കിട്ടാക്കടമാണ്.

കാല്‍നൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എന്‍ ഭാസുരാംഗന്‍. ഇദ്ദേഹം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നല്‍കിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഈ കൊടുത്തതില്‍ മിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.

ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്തിന്റെ പേരിൽ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപ. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. അഖില്‍ ജിത്തിന്‍റെ ഭാര്യ മാളവിക അനില്‍കുമാര്‍ 9,60,000 രൂപയും എന്‍ ഭാസുരാംഗന്‍റെ ഭാര്യ ജയകുമാരി 18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്.

ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്‍റെ മകന്‍ അഖില്‍ ജിത്ത് തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ പുതിയൊരു കൂറ്റന്‍ റെസ്റ്റോറന്‍റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പര്‍മാര്‍ക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിൻറെ മകന്‍ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. അതേ സമയം മകൻറെ വായ്പാ കുടിശ്ശികയെ കുറിച്ചുള്ള റിപ്പോർട്ട് ഭാസുരാംഗൻ നിഷേധിക്കുകയാണ്.

കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗൻറെ പാർട്ടിയായ സിപിഐക്കാര്‍ക്കും ബന്ധുക്കൾക്കും അടുപ്പക്കാര്‍ക്കുമെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നൽകിയതും വന്‍ വായ്പകളെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സിപിഐ മുന്‍ പ്രാദേശിക നേതാവും മാറനെല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്‍റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളില്‍ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാര്‍ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്‍റെ ഭാര്യ കുമാരി ചിത്ര ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ.

ഭാസുരാംഗന്‍റെ സന്തത സഹചാരിയും ഭാസുരാംഗന്‍ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിന്‍ ജെ ചന്ദന്‍ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗന്‍ മില്‍മയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയ ശേഷം മില്‍മയിലും സോജിന് ജോലി കൊടുത്തു. പക്ഷേ ഒരു രൂപ ഭാസുരാംഗന്‍ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.101 കോടിരൂപയുടെ വൻ ക്രമക്കേട് നടന്നെന്ന് അഞ്ചുമാസം മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും പ്രസിഡണ്ട് ഭാസുരാംഗനും ഭരണസമിതിയും ക്രമക്കേട് തുടർന്നുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles